ചെറുതോണി: പിടികിട്ടാപ്പുള്ളിയായി കഞ്ഞിക്കുഴി പൊലീസ് പ്രഖ്യാപിച്ചിരുന്ന ക്രിമിനല്‍ കേസ് പ്രതിയെ തിരുവനന്തപുരത്തു നിന്ന് അറസ്റ്റ് ചെയ്തു. 2 ക്രിമിനല്‍ കേസുകളില്‍ പ്രതിയായിരുന്ന പുതുവല്‍ പുത്തന്‍വീട്ടില്‍ ജോസിനെ (44) ആണു കഞ്ഞിക്കുഴി ഇന്‍സ്‌പെക്ടര്‍ സിബി തോമസ്, എസ്‌ഐ ടി.എസ്.റോയിമോന്‍ സീനിയര്‍ സിവില്‍ പൊലീസ് ഓഫിസര്‍മാരായ സാജു, ജോബി, സജീവന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്.
കീരിത്തോട് പകുതിപ്പാലത്ത് ഭാര്യയും മക്കളുമായി താമസിച്ചിരുന്ന ജോസ് 2008 ല്‍ രണ്ട് അടിപിടിക്കേസുകളില്‍ പ്രതിയായതിനെത്തുടര്‍ന്ന് അവിടെ നിന്നു മുങ്ങുകയായിരുന്നു. പിന്നീട് തിരുവനന്തപുരത്ത് എത്തി തിരുവല്ലം മുട്ടളക്കുടി ഭാഗത്തുള്ള യുവതിയെ വിവാഹം കഴിച്ചു വ്യാജവിലാസത്തില്‍ ഒളിച്ചു താമസിക്കുകയായിരുന്നു.
വ്യാപകമായ അന്വേഷണം നടത്തിയിട്ടും പ്രതിയെ കിട്ടാതെ വന്നതോടെ ജോസിനെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിരുന്നു.
പ്രത്യേക സംഘം നടത്തിയ അന്വേഷണത്തില്‍ പ്രതി തിരുവനന്തപുരത്തു താമസിക്കുന്നതായി കണ്ടെത്തിയതിനെത്തുടര്‍ന്ന് അവിടെയെത്തി കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഇടുക്കി കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.