ലോക്ക്ഡൗണ്‍ ലംഘിച്ച് നിസ്‌കാരത്തിനെത്തിയ ഏഴ്‌പേര്‍ക്കെതിരെ കേസ്

കണ്ണൂര്‍: കണ്ണൂരില്‍ ലോക്ക്ഡൗണ്‍ ലംഘിച്ച് നിസ്‌ക്കാരത്തിനെത്തിയ ഏഴ് പേര്‍ക്കെതിരെ കേസ്. മുഴപ്പിലങ്ങാട് മമ്മാക്കുന്ന് ജുമാ മസ്ജിദില്‍ പള്ളിക്കമ്മിറ്റി പ്രസിഡന്റ് മുസ്തഫ, പള്ളിക്കമ്മിറ്റി സെക്രട്ടറി അബ്ദുള്‍ അസീസ് കരമ്മല്‍ , ജാബിര്‍ വി പി, ഹംസ എം, ഹാരിസ് കെ ,മുഹമ്മദ് റാക്കിഹ് എന്നിവര്‍ക്കെതിരെയാണ് കേസെടുത്തത്. നിസ്‌ക്കരിക്കുന്നതിന്റെ ദൃശ്യങ്ങളടക്കം പകര്‍ത്തിയാണ് പൊലീസ് കേസെടുത്തത്.

അതിനിടെ ചാവക്കാട്ട് ലോക്ക് ഡൗണ്‍ ലംഘിച്ച് പ്രാര്‍ത്ഥന നടത്തിയവരെ പിടികൂടാനെത്തിയ പൊലീസിനെ ആക്രമിച്ച കേസില്‍ അഞ്ചുപേര്‍ അറസ്റ്റിലായി. പുത്തന്‍ കടപ്പുറം സ്വദേശികളായ സഹദ്, അഫ്‌സല്‍, ഷമീര്‍, ഉസ്മാന്‍, അഷ്‌കര്‍ എന്നിവരാണ് പിടിയിലായത്. ഇവരെ സംഭവ സ്ഥലത്തെത്തിച്ച് തെളിവെടുത്തു. ഈ മാസം എട്ടാം തീയതിയായിരുന്നു സംഭവം.

പുത്തന്‍ കടപ്പുറം പള്ളി കബര്‍സ്ഥാനില്‍ ലോക്ക് ഡൗണ്‍ ലംഘിച്ച് നിരവധി പേരാണ് പ്രാര്‍ത്ഥനക്കെത്തിയിരുന്നത്. ഇതറിഞ്ഞെത്തിയ പൊലീസിനെക്കണ്ട് വിശ്വാസികള്‍ ചിതറിയോടി. പൊലീസുകാരുള്‍പ്പെടെ നിരവധി പേര്‍ക്ക് പരിക്കേറ്റു. പള്ളിയുടെ തൊട്ടടുത്തുള്ള വീടുകള്‍ക്ക് മുന്നില്‍ നിര്‍ത്തിയിട്ടിരുന്ന ബൈക്കുകളുടെ നമ്പര്‍ പൊലീസ് കുറിച്ചെടുത്തു. ബൈക്കുകള്‍ തങ്ങളുടേതാണെന്ന് പറഞ്ഞ് ഈ വീടുകളിലെ സ്ത്രീകളും പുരുഷന്മാരും പുറത്ത് വന്നതോടെ വാക്കേറ്റമുണ്ടായി. കണ്ടാലറിയാവുന്ന 15 പേര്‍ക്കെതിരെയായിരുന്നു കൃത്യനിര്‍വ്വഹണം തടസ്സപ്പെടുത്തിയതിന് കേസ്.

Top