ശബരിമലയില്‍ കൂട്ട അറസ്റ്റ്; അംഗീകരിക്കാന്‍ സാധിക്കില്ലെന്ന് മേശ് ചെന്നിത്തല

chennithala

തിരുവനന്തപുരം: ശബരിമലയില്‍ പൊലീസ് നടത്തിയ കൂട്ട അറസ്റ്റ് അംഗീകരിക്കാന്‍ സാധിക്കില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.

പൊലീസിന്റെ നടപടിയെ ശക്തമായി അപലപിക്കുകയാണെന്നും സന്നിധാനത്ത് നിന്നും അറസ്റ്റ് ചെയ്ത ഭക്തന്‍മാരെ ഉടനെ തന്നെ ജാമ്യത്തില്‍ വിടണമെന്നും പൊലീസിനെ ഉപയോഗിച്ച് ഭക്തരെ അടിച്ചമര്‍ത്താന്‍ നോക്കിയാല്‍ വലിയ തിരിച്ചടി സര്‍ക്കാറിനു നേരിടേണ്ടി വരുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

സന്നിധാനത്ത് ശരണം വിളിച്ച മുഴുവന്‍ അയ്യപ്പന്മാരെയും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. വലിയ നടപ്പന്തലില്‍ യാതൊരു പ്രകോപനവും കൂടാതെ ശരണം വിളിച്ചിരുന്ന നൂറു കണക്കിന് അയ്യപ്പന്മാരെയാണ് അറസ്റ്റ് ചെയ്തത്. ശബരിമലയില്‍ അയ്യപ്പഭക്തര്‍ക്കെതിരെ പൊലീസ് ചുമത്തിയിരിക്കുന്ന അനാവശ്യ നിയന്ത്രണങ്ങള്‍ക്കെതിരെ വലിയ നടപ്പന്തലില്‍ നേരത്തെ ഭക്തര്‍ പ്രതിഷേധം നടത്തിയിരുന്നു.

മാളികപ്പുറത്ത് നിന്ന് അയ്യപ്പന്മാരെ ഇറക്കിവിട്ട പൊലീസ് നടപടിയെ തുടര്‍ന്നായിരുന്നു പ്രതിഷേധം. നൂറുകണക്കിന് ഭക്തരാണ് ശരണം വിളിച്ച് സന്നിധാനത്തിലേക്ക് പ്രതിഷേധവുമായി എത്തിയത്. നിലവില്‍ ശബരിമലയില്‍ ഭക്തര്‍ക്കെതിരെ കര്‍ശന നിയന്ത്രണങ്ങള്‍ പൊലീസ് ഉണ്ടാക്കിയിട്ടുണ്ട്.

Top