ശബരിമല സ്ത്രീപ്രവേശനം; സമരം ചെയ്ത രാഹുല്‍ ഈശ്വറിനെ അറസ്റ്റു ചെയ്തു നീക്കി

പത്തനംതിട്ട: ശബരിമല സ്ത്രീപ്രവേശനത്തിനെതിരെ സമരം ചെയ്തിരുന്ന രാഹുല്‍ ഈശ്വറിനെ സന്നിധാനത്തു നിന്നും അറസ്റ്റു ചെയ്തു നീക്കി. പന്തളം രാജകുടുംബാംഗങ്ങളെയും രാഹുല്‍ ഈശ്വറിന്റെ കുടുംബത്തെയും നേരത്തെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കിയിരുന്നു.

ശബരിമല സ്ത്രീപ്രവേശനത്തിന്റെ പേരില്‍ നിലയ്ക്കലില്‍ വന്‍ സംഘര്‍ഷമാണ് നിലനില്‍ക്കുന്നത്. പൊലീസിന് നേരെ പ്രതിഷേധക്കാര്‍ കല്ലെറിഞ്ഞു. കെഎസ്ആര്‍ടിസി ബസിനു നേരെയും കല്ലേറുണ്ടായിട്ടുണ്ട്. പൊലീസിനെ പ്രതിഷേധക്കാര്‍ വളയുകയും ചെയ്തു. തുടര്‍ന്ന് പ്രതിഷേധക്കാര്‍ക്ക് നേരെ പൊലീസ് ലാത്തിവീശി. കെഎസ്ആര്‍ടിസി അടക്കമുള്ള വാഹനങ്ങള്‍ സമരക്കാര്‍ പരിശോധിക്കുന്നുണ്ട്.

അതേസമയം, ശബരിമലയില്‍ പ്രതിഷേധം ശക്തമായിരിക്കെ വിഷയത്തില്‍ സര്‍ക്കാര്‍ ഇടപെടുമെന്ന് മന്ത്രി ഇ.പി ജയരാജന്‍ പറഞ്ഞിരുന്നു. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ കൈയ്യും കെട്ടി നോക്കി നില്‍ക്കില്ലെന്നാണ് മന്ത്രി അറിയിച്ചൊത്.

ശബരിമലയില്‍ സ്ത്രീപ്രവേശനം എതിര്‍ക്കുന്നവര്‍ക്ക് അയ്യപ്പദോഷമുണ്ടാകുമെന്നും മന്ത്രി നേരത്തെ പറഞ്ഞിരുന്നു. അവര്‍ ചെയ്യുന്ന മഹാപാപത്തിന് അവരെ കാത്തിരിക്കുന്നത് വലിയ നാശമാണെന്നും അവര്‍ക്കു തന്നെ അറിയില്ല എന്താണ് അവര്‍ ചെയ്യുന്നതെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

അതേസമയം ശബരിമലയില്‍ ദര്‍ശനത്തിന് എത്തിയ ചേര്‍ത്തല സ്വദേശിയെയും ആന്ധ്രാ സ്വദേശിനിയെയും പ്രതിഷേധക്കാര്‍ തടഞ്ഞിരുന്നു. വലിയ തോതിലുള്ള പ്രതിഷേധങ്ങളാണ് പ്രദേശത്ത് അരങ്ങേറുന്നത്. മാധ്യമങ്ങള്‍ക്കു നേരെയും കൈയ്യേറ്റം നടന്നിരുന്നു. റിപ്പോര്‍ട്ടര്‍ ടിവിയുടേതടക്കമുള്ള മാധ്യമങ്ങളുടെ വാഹനങ്ങളും ക്യാമറകളും പ്രതിഷേധക്കാര്‍ തല്ലിത്തകര്‍ത്തിരുന്നു.

Top