പാലക്കാട് മെഡിക്കല്‍ വിദ്യാര്‍ത്ഥികളെ ആക്രമിച്ച സദാചാരവാദികള്‍ അറസ്റ്റില്‍

arrest

പാലക്കാട്: പാലക്കാട് മെഡിക്കല്‍ വിദ്യാര്‍ത്ഥികളെ ആക്രമിച്ച ശേഷം ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ച സദാചാരഗുണ്ടകളെ പൊലീസ് അറസ്റ്റ് ചെയ്തു. വണ്ണാമട സ്വദേശി ജയകുമാര്‍, കന്നിമാരി സ്വദേശി കണ്ണന്‍, മുതലമട സ്വദേശി മനോജ് എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. യുവാവിനെ മര്‍ദ്ദിച്ച ശേഷം ഒപ്പമുണ്ടായിരുന്ന യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു. ഇവര്‍ക്കെതിരെ ബലാല്‍സംഗ ശ്രമത്തിനും വധശ്രമത്തിനും കേസ് എടുത്തു.

തിങ്കളാഴ്ച സന്ധ്യയ്ക്ക് സ്വകാര്യ മെഡി. കോളേജ് വിദ്യാര്‍ത്ഥികളായ യുവാവും യുവതിയും മീങ്കര ഡാമിലേക്ക് ബൈക്കില്‍ പോകുമ്പോള്‍ സ്ഥലത്ത് മദ്യപിച്ചുകൊണ്ടിരിക്കുകയായിരുന്നു കേസിലെ പ്രതികളായ കണ്ണനും, ജയകുമാറും. പിന്നീട് വിദ്യാര്‍ത്ഥികളെ ഇവര്‍ പിന്തുടര്‍ന്ന് ആക്രമിക്കാന്‍ പദ്ധതിയിടുകയായിരുന്നു. തുടര്‍ന്ന് കേസിലെ മൂന്നാം പ്രതി മനോജിനെ ഫോണില്‍ വിളിച്ചു വരുത്തി വിദ്യാര്‍ത്ഥികളെ ആക്രമിക്കുകയായിരുന്നു.

യുവാവിനെ മര്‍ദ്ദിച്ച് അവശനാക്കി യുവതിയെ പീഢിപ്പിക്കുക തന്നയായിരുന്നു പ്രതികളുടെ ഉദ്ദേശമെന്ന് അന്വേഷണ സംഘം വ്യക്തമാക്കി. രക്ഷപെട്ടോടിയ വിദ്യാര്‍ത്ഥികള്‍ ഒരു വീട്ടില്‍ അഭയം തേടുകയായിരുന്നു. സാരമായി പരിക്കേറ്റ ഇവരെ പിന്നീട് പൊലീസെത്തി ആശുപത്രിയിലാക്കി.

Top