ഭോപ്പാല്‍: മധ്യ പ്രദേശിലെ റെയില്‍വേ സ്‌റ്റേഷനില്‍ ഗോരക്ഷാ പ്രവര്‍ത്തകര്‍ മുസ്ലീം യുവതികളെ ആക്രമിച്ച സംഭവത്തില്‍ നാലു പേരെ അറസ്റ്റുചെയ്തു.
രത്ത്‌ലം സര്‍ക്കാര്‍ റെയില്‍വേ പൊലീസാണ് ഇവരെ അറസ്റ്റ് ചെയ്തത്. എന്നാല്‍ തങ്ങളെ അക്രമിച്ചത് ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകരാണെന്ന് യുവതികള്‍ ആരോപിക്കുന്നു.
യുവതികള്‍ക്ക് എതിരെ അനധികൃതമായി മാംസം കടത്തിയെന്ന കുറ്റത്തിന് പൊലീസ് കേസെടുത്തിരുന്നു. പിന്നീട് ഇവര്‍ക്ക് ജാമ്യം ലഭിച്ചു.
‘സ്‌റ്റേഷനില്‍ നിന്നും പുറത്തു വന്ന ഞങ്ങളെ ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകര്‍ തടഞ്ഞു. തുടര്‍ന്ന് ബീഫാണോ കടത്താന്‍ ശ്രമിക്കുന്നതെന്ന് ചോദിച്ചു. ഞങ്ങളുടെ കൈയിലുള്ളത് പോത്തിന്റെ മാംസമാണെന്ന് പറയാന്‍ ശ്രമിച്ചെങ്കിലും അവര്‍ കേള്‍ക്കാന്‍ കൂട്ടാക്കിയില്ല. പകരം അവര്‍ക്ക് ഒപ്പമുണ്ടായിരുന്ന സ്ത്രീകളോട് ഞങ്ങളെ മര്‍ദ്ദിക്കാന്‍ ആവശ്യപ്പെടുകയായിരുന്നു.’ മര്‍ദ്ദനമേറ്റ സല്‍മാ മേവാധി പറഞ്ഞു.
തുടര്‍ന്നുള്ള അന്വേഷണത്തില്‍ സല്‍മയും ഒപ്പമുണ്ടായിരുന്ന ശാമിം അക്തര്‍ ഹുസൈനും ബീഫ് അല്ല കടത്താന്‍ ശ്രമിച്ചതെന്ന് വ്യക്തമായിരുന്നു.