മഹാരാഷ്ട്ര : പുതുവത്സര ആഘോഷത്തിനായി താനെയിൽ റേവ് പാർട്ടിക്കിടെ 95 പേരെ പൊലീസ് പിടികൂടി. വിദ്യാർഥികളും കോർപ്പറേറ്റ് മേഖലയിൽ ജോലി ചെയ്യുന്നവരടക്കമുള്ളവരാണ് പിടിയിലായത്. ഇവരിൽ 5 പേർ പെൺകുട്ടികളാണ്. പാർട്ടി സംഘടിപ്പിച്ച രണ്ടു പേരെയും കസ്റ്റഡിയിലെടുത്തു. തേജസ് കുബാൽ (23), സുജാൽ മഹാജൻ (19) എന്നിവരാണ് പാർട്ടി സംഘടിപ്പിച്ചതിന് പിടിയിലായത്.
താനെയിലെ ഗോഡ്ബന്ദർ റോഡിലായിരുന്നു റേവ് പാർട്ടി. ക്രൈംബ്രാഞ്ച് യൂണിറ്റിന്റെ നേതൃത്വത്തില്‍ ഞായറാഴ്ച പുലർച്ചെ രണ്ടുമണിയോടെയായിരുന്നു റെയ്ഡ്. പൊലീസിന്റെ പരിശോധനയിൽ മദ്യം, കഞ്ചാവ്, മറ്റു മാരക ലഹരിമരുന്നുകൾ തുടങ്ങിയവ പിടിച്ചെടുത്തു. ഇവയ്ക്കു വിപണിയിൽ 8 ലക്ഷം മൂല്യമുണ്ടെന്നാണ് കണക്കാക്കുന്നതെന്നു പൊലീസ് പറഞ്ഞു.
പിടിയിലായവരെ വൈദ്യപരിശോധന നടത്തുന്നതിനായി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിശോധനകൾ തുടരുകയാണ്. പിടിയിലായ യുവാക്കളിൽ ഭൂരിഭാഗവും ലഹരിമരുന്ന് ഉപയോഗിക്കുന്നവരാണെന്നാണ് പൊലീസ് സൂചിപ്പിക്കുന്നത്. പാർട്ടിയിൽ പങ്കെടുത്തവരുടെ 21 ഇരുചക്ര വാഹനങ്ങളും പിടിച്ചെടുത്തിട്ടുണ്ട്.