Police arrested assistant professor Thrissur Medical College

തൃശൂര്‍: മെഡിക്കല്‍ കോളജിലെ ആശുപത്രിയിലെ ഓപ്പറേഷന്‍ തിയേറ്ററില്‍ മെഡിക്കല്‍ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച പരാതിയില്‍ ഡോക്ടര്‍ അറസ്റ്റില്‍.

കോളജിലെ പ്രൊഫസര്‍ കൂടിയായ ഡോ.ഹബീബ് മുഹമ്മദാണ് അറസ്റ്റിലായത്. ഡ്യൂട്ടിക്കെത്തിയ ഡോ.ഹബീബിനെ പ്രിന്‍സിപ്പലിന്റെ ഓഫീസിലേക്ക് വിളിച്ചുവരുത്തി അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.

ജനറല്‍ സര്‍ജന്‍ ഡോ.ഹബീബിനെതിരെ വിദ്യാര്‍ത്ഥിനി പരാതി നല്‍കിയതിനു പിന്നാലെ നിരവധി പേര്‍ ആരോപണവുമായി രംഗത്തെത്തിയിരുന്നു. മുന്‍പും ഇയാള്‍ക്കെതിരെ സമാനമായ ആരോപണം ഉയര്‍ന്നിട്ടുണ്ട്.

കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ജോലി ചെയ്യവേ പൊള്ളലേറ്റ് ചികിത്സയില്‍ കഴിയുന്ന യുവതിയുടെ സ്വകാര്യ ഭാഗങ്ങള്‍ മൊബൈലില്‍ പകര്‍ത്തിയത് വിവാദമായിരുന്നു. അന്ന് ഡോ.ഹബീബിനെ ശിക്ഷാനടപടിയുടെ ഭാഗമായി തൃശൂര്‍ മെഡിക്കല്‍ കോളജിലേക്ക് സ്ഥലംമാറ്റുകയായിരുന്നു.

ഓപ്പറേഷന്‍ തിയേറ്ററില്‍ പരിശീലനത്തിലായിരുന്ന പെണ്‍കുട്ടിയോട് സഹകരിച്ചാല്‍ മാര്‍ക്ക് കൂട്ടിയിട്ട് നല്‍കാമെന്നും പറഞ്ഞ് ശരീരഭാഗങ്ങളില്‍ തൊട്ടുരുമ്മിയതോടെ പെണ്‍കുട്ടി ബഹളംവയ്ക്കുകയായിരുന്നു. ഇതോടെ മറ്റു വിദ്യാര്‍ത്ഥികള്‍ എത്തി ഡോക്ടറെ വളഞ്ഞുവച്ചു പ്രതിഷേധിച്ചു.

വിദ്യാര്‍ത്ഥി പ്രിന്‍സിപ്പലിനും പൊലീസിനും ആരോഗ്യവകുപ്പ് ഡയറക്ടര്‍ക്കും പരാതി നല്‍കിയിരുന്നു. ശരീരഭാഗങ്ങളില്‍ കടന്നുപിടിക്കുകയും രാത്രി എട്ടു മണിവരെ ജോലി ചെയ്താല്‍ ചില ചികിത്സാരീതികള്‍ പഠിപ്പിക്കാമെന്ന് പറഞ്ഞതായും പരാതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.

മറ്റാരോടും ഇക്കാര്യം പറയരുതെന്നും തിയറി പരീക്ഷയില്‍ മാര്‍ക്ക് കൂട്ടിത്തരാമെന്നും ഡോക്ടര്‍ വാഗ്ദാനം നല്‍കി. വിദ്യാര്‍ത്ഥിനി പ്രതിഷേധിച്ചതോടെ പെട്ടെന്ന് ഓപ്പറേഷന്‍ പൂര്‍ത്തിയാക്കി ഇയാള്‍ പുറത്തേക്ക് പോവുകയായിരുന്നു.

Top