നിര്‍മലാ സീതാരാമനെ വധിക്കുന്നതിനെക്കുറിച്ച് വാട്‌സാപ്പ് സന്ദേശം അയച്ച രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു

Nirmala Sitharaman

ന്യൂഡല്‍ഹി : പ്രതിരോധ മന്ത്രി നിര്‍മലാ സീതാരാമനെ വധിക്കുന്നതിനെക്കുറിച്ച് വാട്‌സാപ്പ് സന്ദേശം അയച്ച രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഉത്തരാഖണ്ഡില്‍ ഒരു പരിപാടി ഉദ്ഘാടനം ചെയ്യുമ്പോള്‍ വധിക്കാന്‍ ഇരുവരും ചേര്‍ന്ന് പദ്ധതിയിട്ടിട്ടുണ്ടെന്നാണ് കേസ്. ഇവര്‍ മദ്യലഹരിയിലായിരുന്നുവെന്ന് കരുതുന്നതായും പൊലീസ് പറഞ്ഞു.

നിര്‍മലാ സീതാരമന്‍ ഉത്തരാഖണ്ഡിലെ ധാര്‍ച്ചുല പട്ടണത്തില്‍ തിങ്കളാഴ്ച സന്ദര്‍ശനം നടത്താനിരിക്കെയാണ് ഞായറാഴ്ച രാത്രി 9.30 ഓടെ സന്ദേശത്തെക്കുറിച്ച് പൊലീസിന് വിവരം ലഭിച്ചത്.

ഇരുവര്‍ക്കെതിരെയും ഇന്ത്യന്‍ പീനല്‍ കോഡ് വകുപ്പ് 506 പ്രകാരവും ഐ.ടി ആക്റ്റ് വകുപ്പ് 66 പ്രകാരവുമാണ് കേസ് രജിസ്റ്റര്‍ ചെയ്തതെന്ന് പൊലീസ് പറഞ്ഞു.

വാട്‌സ്ആപ്പ് ഗ്രൂപ്പ് അഡ്മിന്റെ വിവരങ്ങളും പൊലീസ് ശേഖരിച്ചിട്ടുണ്ട്. പിടിയിലായ ഇരുവര്‍ക്കും ക്രിമിനല്‍ പശ്ചാത്തലമോ ആയുധങ്ങളോ വെടിക്കോപ്പുകളോ കൈവശമുണ്ടോ എന്ന കാര്യവും പോലീസ് അന്വേഷിച്ചു വരികയാണ്.

Top