പൊലീസ് സംഘടനകളെ കടിഞ്ഞാണിട്ടുള്ള ചട്ടം ഭേദഗതി വരുത്താന്‍ സമ്മര്‍ദ്ദം; മാറ്റില്ലെന്ന് ഉന്നത സമിതി

തിരുവനന്തപുരം: പൊലീസ് സംഘടനകളുടെ പ്രവര്‍ത്തനത്തിലും സമ്മേളനങ്ങളിലും തെരഞ്ഞെടുപ്പിലും രാഷ്ട്രീയ അതിപ്രസരം ഒഴിവാക്കാനായി കൊണ്ടു വന്ന ചട്ടങ്ങള്‍ മാറ്റാന്‍ സമ്മര്‍ദ്ദം. യിതുമായി ബന്ധപ്പെട്ട് സംഘടന നേതാക്കള്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിരിക്കുകയാണ്. അതേസമയം, ചട്ടത്തില്‍ ഭേദഗതി വേണ്ടെന്നാണ് ഡിജിപി നിയോഗിച്ച ഉന്നതതല സമിതിയുടെ ശുപാര്‍ശ.

രണ്ട് വര്‍ഷത്തില്‍ കൂടുതല്‍ ഒരാള്‍ അസോസിയേഷന്റെ ഭാരവാഹിയാകാന്‍ പാടില്ല. ഭാരവാഹികാന്‍ വീണ്ടും മത്സരിക്കണമെങ്കില്‍ മൂന്ന് വര്‍ഷത്തിനുശേഷം മാത്രമേ സാധിക്കുകയുള്ളൂ. സമ്മേളനം ഒരു ദിവസമാക്കണം. യോഗങ്ങള്‍ക്കെല്ലാം ഉന്നത ഉദ്യോഗസ്ഥരുടെ മുന്‍കൂര്‍ അനുമതിവേണം. അസോസിയേഷനോ നേതാക്കളോ രാഷ്ട്രീയ സംഘടനകളില്‍ അംഗത്വം പാടില്ല എന്നീ കര്‍ശന നിബന്ധനകളോടെയായിരുന്നു ചട്ടം.

പുതിയ ചട്ടമനുസരിച്ചാണെങ്കില്‍ ഭരണാനുകൂലികളായ പൊലീസ് സംഘടനയുടെ ഭാരവാഹികള്‍ പലരും സ്ഥാനം ഒഴിയേണ്ടിവരും. ഇത് മുന്നില്‍ കണ്ടാണ് സംഘടനകളുടെ നീക്കം. സര്‍ക്കാര്‍ അംഗീകരിച്ച അസോസിയേഷനുകളുടെ ഭരണഘടനക്ക് വിരുദ്ധമാണ് പുതിയ ചട്ടമെന്നാണ് പരാതി. സമ്മേളനവും ഭാരവാഹികളേയും തീരുമാനിക്കേണ്ടത് ഭരണഘടപ്രകാരം പ്രതിനിധികളുടെ അവകാശമാണെന്നാണ് അസോസിയേഷനുകള്‍ ആവശ്യപ്പെടുന്നത്.

കടുത്ത സമ്മര്‍ദ്ദത്തെ തുടര്‍ന്ന് ഡിജിപി ചട്ട ഭേദഗതി പരിശോധിക്കാന്‍ എഡിജിപി ഷെയ്ക്ക് ദര്‍വേസ് സാഹിബിന്റെ നേതൃത്വത്തില്‍ ഉന്നതതല സമിതിയെ നിയോഗിച്ചു. എന്നാല്‍, നിലവിലുള്ള ചട്ടത്തില്‍ ഒരു ഭേദഗതിയും വേണ്ടന്നാണ് ഉന്നത ഉദ്യോഗസ്ഥരുടെ സമിതിയുടെ റിപ്പോര്‍ട്ട്. അതിനിടെ, റിപ്പോര്‍ട്ടില്‍ ഭേദഗതി ആവശ്യപ്പെട്ട് അസോസിയേഷന്‍ നേതാക്കള്‍ ഡിജിപിയെ കണ്ടുവെങ്കിലും ഇനി സര്‍ക്കാര്‍ തീരുമാനിക്കട്ടെയെന്നാണ് ഉന്നത ഉദ്യോഗസ്ഥരുടെ നിലപാട്.

Top