തൃശ്ശൂര്‍: കൊല്ലത്ത് ഹെല്‍മെറ്റ് പരിശോധനയ്ക്കിടെ യാത്രക്കാരനെ വയര്‍ലെസ് സെറ്റുകൊണ്ട് ആക്രമിച്ച പൊലീസ് ഉദ്യോഗസ്ഥനെതിരെ രൂക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. പൊലീസുകാരന്റെ പെരുമാറ്റം അപക്വവും അക്രമാസക്തവുമാണെന്ന് മുഖ്യമന്ത്രി കുറ്റപ്പെടുത്തി.
ഇത്തരം പ്രവര്‍ത്തികള്‍ സേനക്ക് അപമാനകരമാവുമെന്ന് എല്ലാവരും ചിന്തിക്കണമെന്ന് മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു. നാടിനെ കലുഷിതമാക്കുന്ന പ്രവര്‍ത്തിയാണ് നടന്നതെന്നും പിണറായി വിമര്‍ശിച്ചു. സംഭവത്തെ തുടര്‍ന്ന് എആര്‍ ക്യാംപിലെ പൊലീസുകാരനായ മാഷ് ദാസിനെ ഇന്നലെത്തന്നെ സസ്‌പെന്‍ഡ് ചെയ്തിരുന്നു.
കുട്ടിയുമായി ബൈക്കില്‍ പോകുകയായിരുന്ന കൊല്ലം കടപ്പാക്കട സ്വദേശി സന്തോഷിനെ, വാഹന പരിശോധനക്കിടെ ട്രാഫിക് സിവില്‍ പൊലീസ് ഓഫീസറായ മാഷ് ദാസ് വയര്‍ലെസ് സെറ്റ് കൊണ്ടു അടിച്ചു വീഴ്ത്തുകയായിരുന്നു. അടിയേറ്റ് റോഡില്‍ വീണ സന്തോഷിന്റെ തല പൊട്ടിയിരുന്നു. സംഭവം നടന്നയുടന്‍ പൊലീസ് ഉദ്യോഗസ്ഥന്‍ ഓടി രക്ഷപെട്ടു.
സംഭവത്തെ തുടര്‍ന്ന് നാട്ടുകാര്‍ പൊലീസിനെ സ്ഥലത്ത് തടഞ്ഞു വെച്ചിരുന്നു. ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ എത്തി കുറ്റക്കാരനായ പൊലീസുകാരനെതിരെ നടപടിയെടുക്കാമെന്ന ഉറപ്പു നല്‍കിയതിനെ തുടര്‍ന്നാണ് ഉപരോധം അവസാനിപ്പിച്ചത്.