കൊച്ചിയിൽ ക്രിക്കറ്റ് കളിക്കാനെത്തിയവരെ പൊലീസ് മര്‍ദ്ദിച്ചതായി പരാതി; പ്രതിഷേധം ശക്തം

കൊച്ചി : ഫോര്‍ട്ട്കൊച്ചിയിൽ ക്രിക്കറ്റ് കളിക്കാനെത്തിയവരെ പൊലീസ് മര്‍ദ്ദിച്ചതായി പരാതി. സംഭവത്തിൽ പ്രതിഷേധിച്ച് പൊലീസ് സ്റ്റേഷനിലേക്ക് വിവിധ യുവജന സംഘടനകൾ മാ‍ർച്ച് നടത്തി. എന്നാൽ കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിലാണ് ക്രിക്കറ്റ് കളിക്കാനെത്തിയവരെ തടഞ്ഞതെന്നാണ് പൊലീസ് പറയുന്നത്.

കഴിഞ്ഞ ദിവസം വൈകിട്ടായിരുന്നു സംഭവം. നെല്ലുവയലിൽ ക്രിക്കറ്റ് കളിച്ചുകൊണ്ടിരുന്ന യുവാക്കള്‍ക്കാണ് പൊലീസിന്‍റെ മര്‍ദ്ദനമേറ്റത്. സംസ്ഥാനത്ത് 144 പ്രഖ്യാപിച്ചതിനാൽ പൊലീസ് സ്ഥലത്ത് പെട്രോളിങ് നടത്തിയിരുന്നു. ഇതിനിടെയാണ് ക്രിക്കറ്റ് കളിക്കുന്നിടത്തേക്ക് എത്തിയത്. പൊലീസിനെ കണ്ടയുടനെ യുവാക്കൾ ചിതറിയോടി. ഇതിനിടെ ലാത്തി കൊണ്ട് പൊലീസ് മര്‍ദ്ദിച്ചെന്നാണ് പരാതി. മര്‍ദ്ദനത്തിൽ പരിക്കേറ്റ അഞ്ചുപേർ എറണാകുളം ജനറൽ ആശുപത്രിയിൽ ചികിത്സയിലാണ്.

സംഭവത്തിൽ പ്രതിഷേധവുമായി രംഗത്തെത്തിയ നാട്ടുകാർ പൊലീസിനെ തടയുകയും ജീപ്പിന്‍റെ ചില്ലടിച്ച് തകര്‍ക്കുകയും ചെയ്തു. കണ്ടാൽ അറിയാവുന്ന 25 പേര്‍ക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. ആരെയും മർദിച്ചിട്ടില്ലെന്നും പൊലീസിനെ കണ്ട് ചിതറിയോടിയപ്പോൾ വീണ് പരിക്ക് പറ്റിയതാവാം എന്നാണ് പൊലീസിന്റെ വാദം. സംഭവത്തിൽ വിശദമായ റിപ്പോര്‍ട്ട് നൽകാൻ ഫോര്‍ട്ട് കൊച്ചി എസി പി ലോക്കൽ പൊലീസിനോട് ആവശ്യപ്പെട്ടു.

Top