കണ്ണൂര്‍: ട്രെയിനില്‍ പൊലീസ് ഉദ്യോഗസ്ഥന്‍ യാത്രക്കാരനെ മര്‍ദ്ദിച്ചതായി പരാതി. ടിക്കറ്റെടുക്കാതെ യാത്ര ചെയ്‌തെന്നാരോപിച്ച് എഎസ്ഐ പ്രമോദാണ് മാവേലി എക്സ്പ്രസില്‍ വെച്ച് യാത്രക്കാരനെ ബൂട്ടിട്ട് ചവിട്ടിയത്.
മംഗലാപുരത്ത് നിന്ന് തിരുവനന്തപുരത്തേക്ക് പോയ മാവേലി എക്സ്പ്രസ് ഇന്നലെ രാത്രി തലശ്ശേരി പിന്നിട്ടപ്പോഴാണ് സംഭവം. വൈകിട്ട് മാഹിയില്‍ നിന്നാണ് യാത്രക്കാരന്‍ ട്രെയിനില്‍ കയറിയത്. ഇയാള്‍ മദ്യപിച്ച് ബഹളമുണ്ടാക്കുകയും യാത്രക്കാരോട് മോശമായി പെരുമാറിയെന്നുമാണ് പോലീസ് പറയുന്നത്.
തുടര്‍ന്ന് യാത്രക്കാര്‍ വിവരം ടിടിയെ അറിച്ചു. ടിടി പ്രശ്നം പരിഹരിക്കാന്‍ ശ്രമിക്കുകയും അതിന് സാധിക്കാതെ വരുകയും ചെയ്തപ്പോഴാണ് പോലീസ് സഹായം തേടിയതെന്നാണ് വിവരം. പോലീസ് എത്തി ഇയാളെ ഇറക്കിവിടാന്‍ ശ്രമിക്കുകയായിരുന്നു. എന്നാല്‍ ഇയാളെ പോലീസുകാരന്‍ ബൂട്ട് ഇട്ട് ചവിട്ടുന്നതിന്റേയും തള്ളി നീക്കുന്നതിന്റേയും ദൃശ്യങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്. ട്രെയിന്‍ യാത്രക്കാരില്‍ ഒരാളാണ് ദൃശ്യങ്ങള്‍ പകര്‍ത്തിയത്.
യാത്രക്കാരനെ എഎസ്ഐ മര്‍ദ്ദിച്ച സംഭവം അന്വേഷിക്കാന്‍ സ്പെഷല്‍ ബ്രാഞ്ച് എസിപിയെ ചുമതലപ്പെടുത്തിയതായി കണ്ണൂര്‍ സിറ്റി പോലീസ് കമ്മീഷണര്‍ ആര്‍.ഇളങ്കോ പറഞ്ഞു. മനുഷ്യ അന്തസിന് മാന്യത കല്‍പ്പിക്കാത്ത പെരുമാറ്റമാണ് ഉദ്യോഗസ്ഥന്റെ ഭാഗത്ത് നിന്ന് ഉണ്ടായതെന്നാണ് പ്രഥമദൃഷ്ടിയില്‍ വ്യക്തമാക്കുന്നതെന്നും ഇളങ്കോ അറിയിച്ചു. റിപ്പോര്‍ട്ട് വരുന്ന മുറക്ക് അധികാര പരിധി നോക്കി അച്ചടക്ക നടപടി ആവശ്യമെങ്കില്‍ അതിലേക്ക് നീങ്ങുമെന്നും അദ്ദേഹം പറഞ്ഞു.
നേരത്തെ, പുതുവര്‍ഷത്തലേന്ന് മദ്യവുമായി താമസ സ്ഥലത്തേക്കുപോയ വിദേശിയെ പോലീസ് അവഹേളിച്ചെന്ന പരാതിയില്‍ വ്യാപക വിമര്‍ശനമുയര്‍ന്നിരുന്നു. സംഭവത്തില്‍ കോവളം പോലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ്ഐ ഷാജിയെ സസ്പെന്‍ഡ് ചെയ്തതിന് പിന്നാലെ എസ്‌ഐ അടക്കം മൂന്ന് പോലീസുകാര്‍ക്കെതിരേ വകുപ്പുതല അന്വേഷണത്തിന് തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണര്‍ നിര്‍ദേശം നല്‍കിയിരുന്നു.