തിരുവനന്തപുരം: വിവാദ പരാമര്‍ശത്തില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ പിഎസ് ശ്രീധരന്‍ പിള്ളയ്‌ക്കെതിരെ പൊലീസ് കേസെടുത്തു. ജാമ്യമില്ലാ വകുപ്പു പ്രകാരമാണ് പൊലീസ് കേസ് എടുത്തിരിക്കുന്നത്. ബാലക്കോട്ട് ഉന്നയിച്ചുള്ള മുസ്ലീം വിരുദ്ധ പരാമര്‍ശത്തിനാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.
ആറ്റിങ്ങലില്‍ വെച്ചാണ് ശ്രീധരന്‍ പിള്ള വര്‍ഗീയ പരാമര്‍ശം നടത്തിയത്. ബാലാകോട്ട് കൊല്ലപ്പെട്ടവരുടെ ജാതിയും മതവും അന്വേഷിക്കുന്നവരുണ്ട്. ഭീകരവാദികള്‍ക്ക് തിരിച്ചടി കൊടുത്ത ശേഷം തിരിച്ചുവന്ന സൈനികരോട് എത്രപേര്‍ അവിടെ കൊല്ലപ്പെട്ടുവെന്ന കണക്കെടുക്കണമെന്ന് രാഹുല്‍ ഗാന്ധി, സീതാറാം യെച്ചൂരി എന്നിവര്‍ പറഞ്ഞിരുന്നു. ഈ പശ്ചാത്തലത്തില്‍ ആളുകളുടെ ജാതിയും മതവും നോക്കി പരിശോധിക്കുന്ന അവസ്ഥ വരുമ്പോള്‍ ഇസ്ലാം ആണെങ്കില്‍ ചില അടയാളങ്ങള്‍, ഡ്രസ് ഒക്കെ മാറ്റി നോക്കണമെന്നായിരുന്നു പി എസ് ശ്രീധരന്‍പിള്ളയുടെ പരാമര്‍ശം.