വാഷിംഗ്ടണ്‍: ജോര്‍ജ് ഫ്‌ളോയിഡിന്റെ കൊലപാതകത്തിന് പിന്നാലെ അമേരിക്കയില്‍ വീണ്ടും കറുത്തവര്‍ഗ്ഗക്കാരനെതിരെ പൊലീസിന്റെ അതിക്രമം. കറുത്തവര്‍ഗക്കാരനെ മക്കളുടെ മുന്നില്‍വെച്ച് എട്ടു തവണ പൊലീസ് വെടിയുതിര്‍ത്തു. ജേക്കബ് ബ്ലേയ്ക്ക് (29) എന്ന യുവാവാണ് വിസ്‌കൊണ്‍സിനിലെ കെനോഷയില്‍ പൊലീസിന്റെ ക്രൂരതയ്ക്ക് ഇരയായത്. അരയ്ക്കുകീഴെ തളര്‍ന്ന ബ്ലേയ്ക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്. മെയ് 25നാണ് കറുത്ത വര്‍ഗക്കാരനായ ജോര്‍ജ് ഫ്‌ളോയിഡിനെ കഴുത്തില്‍ കാല്‍മുട്ടുകൊണ്ട് അമര്‍ത്തി പൊലീസ് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയത്. ഇതിന്റെ പ്രതിഷേധം ലോക വ്യാപകമായിരുന്നു.
ഇതോടെ അമേരിക്കന്‍ തെരുവുകള്‍ വീണ്ടും ബ്ലാക്ക്‌സ് ലൈവ്‌സ് മാറ്റര്‍ പ്രതിഷേധങ്ങളാല്‍ നിറഞ്ഞിട്ടുണ്ട്. വിസ്‌കൊണ്‍സിനിലെ കെനോഷ പ്രദേശത്ത് രണ്ട് സ്ത്രീകള്‍ തമ്മിലുണ്ടായ തര്‍ക്കത്തില്‍ ബ്ലേയ്ക്ക് ഇടപ്പെട്ടിരുന്നു. ഇതിനിടെ ആരോ വിളിച്ചറിയിച്ചതിനെത്തുടര്‍ന്ന് പോലീസെത്തി. ഇവരാകട്ടെ ബ്ലേയ്ക്കിനോടു കീഴടങ്ങാന്‍ ആവശ്യപ്പെട്ടു. എന്നാല്‍, ബ്ലേയ്ക്ക് തന്റെ കാറിലേക്ക് കയറാന്‍ തുടങ്ങി. ഇതോടെ പൊലീസ് പുറകില്‍നിന്നും വെടിയുതിര്‍ക്കുകയായിരുന്നുവെന്നാണ് വിവരം.
സംഭവത്തിന്റെ ഗ്രാഫിക് ദൃശ്യങ്ങള്‍ സമൂഹമാധ്യങ്ങളില്‍ ഉള്‍പ്പെടെ പ്രചരിക്കുന്നുണ്ട്. വഴിയരികില്‍ നിര്‍ത്തിയിട്ടിരുന്ന വാഹനത്തിനു ചുറ്റുമായി മൂന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ നടക്കുന്നതും ബ്ലേയ്ക്കിനുനേരെ ആയുധം ചൂണ്ടുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്. ബ്ലേയ്ക്കിന്റെ മൂന്ന് മക്കളും കാറില്‍ ഇരിക്കുമ്പോഴായിരുന്നു പൊലീസിന്റെ വെടിവെപ്പെന്ന് ബ്ലെയ്ക്കിന്റെ അഭിഭാഷകന്‍ വ്യക്തമാക്കി. അതേ സമയം കെനോഷയിലെ തെരുവുകള്‍ കലാപസമാനമാണെന്നാണ് റിപ്പോര്‍ട്ട്. ഇതേത്തുടര്‍ന്ന് വിസ്‌കോന്‍സിനില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.