ത്രിപുര സംഘര്‍ഷം റിപ്പോര്‍ട്ട് ചെയ്ത വനിതാ മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ കേസ്

അഗര്‍ത്തല: ത്രിപുരയിലെ സംഘര്‍ഷം റിപ്പോര്‍ട്ട് ചെയ്ത രണ്ടു വനിതാ മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ കേസ്. സമൃദ്ധി ശകുനിയ, സ്വര്‍ണ ഝാ എന്നിവര്‍ക്കെതിരെയാണ് കേസ്. മതസ്പര്‍ധ വളര്‍ത്തല്‍ ഉള്‍പ്പെടെയുള്ള വകുപ്പുകളാണ് ത്രിപുര പൊലീസ് ഇവര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. വിശ്വ ഹിന്ദു പരിഷത്തി(വിഎച്ച്പി)ന്റെ പരാതിയിലാണ് നടപടി. ഡല്‍ഹിയിലേക്കു തിരച്ചുപോകാന്‍ തയാറാകുമ്പോഴാണ് പൊലീസ് ഹോട്ടലിലെത്തുകയും ഇവരെ അവിടെതന്നെ കസ്റ്റഡിയിലാക്കുകയും ചെയ്തത്.

‘കഴിഞ്ഞ ദിവസം രാത്രം 10.30ഓടെയാണ് പൊലീസുകാര്‍ ഹോട്ടലിലേക്ക് എത്തിയത്. എന്നാല്‍ അവര്‍ ഞങ്ങളോട് ഒന്നും തന്നെ പറഞ്ഞില്ല. 5.30യ്ക്ക് മുറി ഒഴിയാന്‍ തയാറാകുമ്പോഴാണ് ഞങ്ങള്‍ക്കെതിരെ കേസുണ്ടെന്നും ധര്‍മനഗര്‍ പൊലീസ് സ്റ്റേഷനില്‍ ചോദ്യം ചെയ്യാന്‍ കൊണ്ടുപോകുന്നതിനെക്കുറിച്ചും പറയുന്നത്.’- സ്വര്‍ണ ഝാ ട്വിറ്ററില്‍ കുറിച്ചു. ഇതോടൊപ്പം എഫ്‌ഐആറിന്റെ കോപ്പിയും സ്വര്‍ണ പങ്കുവച്ചു. ‘ഞങ്ങള്‍ തലസ്ഥാനമായ അഗര്‍ത്തലയിലേക്ക് പോകാനിരിക്കുകയായിരുന്നു. എന്നാല്‍ ഇവിടെനിന്നും ഞങ്ങളെ പോകാന്‍ അനുവദിക്കുന്നില്ല. ഹോട്ടലിന് ചുറ്റും 16-17 പൊലീസുകാര്‍ ഉണ്ട്.’- സമൃദ്ധി ട്വിറ്ററില്‍ കുറിച്ചു.

ഒക്ടോബര്‍ 26ന് ബംഗ്ലദേശില്‍ ദുര്‍ഗ പൂജയ്ക്കിടെ ക്ഷേത്രങ്ങള്‍ക്ക് നേരെയുണ്ടായ അക്രമങ്ങളില്‍ പ്രതിഷേധിച്ച് വിശ്വഹിന്ദു പരിഷത്ത് നടത്തിയ റാലിക്കിടെയാണ് ആക്രമണം ഉണ്ടായത്. ത്രിപുരയിലെ പാനിസാഗറില്‍ മുസ്ലിം പള്ളിയും കടകളും തകര്‍ത്ത സംഭവത്തില്‍ റിപ്പോര്‍ട്ട് നല്‍കിയ മാധ്യമ പ്രവര്‍ത്തകരാണ് സമൃദ്ധിയും സ്വര്‍ണയും. അതേസമയം ഗോമതി ജില്ലയിലെ കക്രബന്‍ പ്രദേശത്തെ മുസ്ലിം പള്ളി തകര്‍ത്തെന്നത് വ്യാജവാര്‍ത്തയാണെന്ന് സര്‍ക്കാര്‍ അറിയിച്ചിരുന്നു.

Top