ന്യൂഡല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റ് താരം യൂസ്വേന്ദ്ര ചാഹലിനെതിരേ ജാതീയ പരാമര്‍ശം നടത്തിയ മുന്‍ ഇന്ത്യന്‍ ഓള്‍ റൗണ്ടര്‍ യുവരാജ് സിംഗിനെതിരെ പോലീസ് കേസ്. സംഭവത്തില്‍ ദലിത് ആക്ടിവിസ്റ്റും അഭിഭാഷകനുമായ രജത് കല്‍സനാണ് യുവിക്കെതിരേ പരാതി നല്‍കിയത്.
ദിവസങ്ങള്‍ക്കുമുമ്പ് രോഹിത് ശര്‍മയുമായി നടത്തിയ ഇന്‍സ്റ്റഗ്രാം ലൈവ് ചാറ്റിനിടെയാണ് യുവരാജ് വിവാദ പരാമര്‍ശം നടത്തിയത്.
താഴ്ന്ന ജാതിക്കാരെ പരിഹസിക്കാനായി ഉപയോഗിക്കുന്ന വാക്കാണ് ചാഹലിനെ വിശേഷിപ്പിക്കാന്‍ യുവരാജ് ഉപയോഗിച്ചത്.ഇതോടെ സോഷ്യല്‍ മീഡിയയിലൂടെ നിരവധി ആരാധകര്‍ യുവരാജ് മാപ്പ് പറയണമെന്ന ആവശ്യവുമായി രംഗത്തെത്തി. യുവരാജ് മാഫി മാംഗോ (യുവരാജ് മാപ്പ് പറയണം) എന്ന ഹിന്ദി ഹാഷ്ടാഗ് ട്വിറ്ററില്‍ ട്രെന്‍ഡിങ്ങാകുകയും ചെയ്തു.
അര്‍ബുദത്തെ പോലും തോല്‍പ്പിച്ച യുവരാജിന് ജാതീയമായുള്ള ചിന്തകളെ തോല്‍പ്പിക്കാന്‍ ഇനിയുമായിട്ടില്ലെന്നും ഏറെ പ്രിയപ്പെട്ട യുവരാജില്‍ നിന്ന് ഇങ്ങനെ ഒരു പരാമര്‍ശം പ്രതീക്ഷിച്ചില്ലെന്നും ആരാധകര്‍ പറയുന്നു.