പാലക്കാട്: അട്ടപ്പാടിയില്‍ മോഷണക്കുറ്റം ആരോപിച്ച് ആള്‍ക്കൂട്ട മര്‍ദ്ദനത്തിനിരയായി ആദിവാസി യുവാവ് മധു കൊല്ലപ്പെട്ട കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചു. 11640 പേജുകളുള്ള കുറ്റപത്രമാണ് അന്വേഷണ സംഘം സമര്‍പ്പിച്ചത്. കേസിലെ 16 പ്രതികള്‍ക്കെതിരെയും കൊലപാതക കുറ്റം ചുമത്തി.
സാക്ഷി മൊഴികളും, ശാസ്ത്രീയ തെളിവുകളും, 3 സിസിടിവി ദൃശ്യങ്ങളുംതെളിവായി. കേസിലാകെ 165 പേരുടെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. ഇക്കഴിഞ്ഞ ഫെബ്രുവരി 22നാണ് കേസിനാസ്പദമായ സംഭവം നടന്നത്. മധു മോഷ്ടിച്ചെന്നാരോപിച്ച് ഒരു സംഘം വനത്തില്‍ കയറി മധുവിനെ പിടികൂടി മര്‍ദ്ദിച്ച ശേഷം പൊലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു. തലയ്ക്ക് മര്‍ദ്ദനമേറ്റ മധു പൊലീസ് ജീപ്പില്‍ വച്ച് മരിച്ചു. മാനസികാസ്വാസ്ഥ്യമുള്ള മധു ഏറെക്കാലമായി ഊരിന് പുറത്താണ് താമസിച്ചിരുന്നത്. മധുവിനെ മര്‍ദിച്ചവര്‍ മര്‍ദനത്തോടൊപ്പം ചിത്രങ്ങളെടുത്ത് സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുകയും ചെയ്തിരുന്നു.