തിരുവനന്തപുരം: സംസ്ഥാന പൊലീസ് മേധാവിയുടെ തല തിരിഞ്ഞ തീരുമാനം കേരള പൊലീസില്‍ ഭിന്നതയ്ക്ക് കാരണമാകുന്നു. രൂക്ഷമായ ഭിന്നതയാണ് ഐ.പി.എസ് ഉദ്യോഗസ്ഥർക്ക് അടക്കമുള്ളത്. പൊലീസ് സിസ്റ്റത്തിന് വിരുദ്ധമായ നിലപാട് ബെഹ്‌റ സ്വീകരിക്കുന്നതായാണ് ആക്ഷേപം. ഇക്കാര്യം റിട്ടയര്‍ ചെയ്ത മുതിര്‍ന്ന ഐ.പി.എസ് ഉദ്യോഗസ്ഥര്‍ നേരത്തെ തന്നെ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
കൊവിഡ് രോഗികളുടെ സമ്പര്‍ക്കപട്ടിക പങ്കുവയ്ക്കുന്നതിനെ ചൊല്ലിയാണ് ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ക്കിടയില്‍ ഏറ്റവും ഒടുവില്‍ ഭിന്നതയുണ്ടായിരിക്കുന്നത്. ഓരോ ജില്ലയിലും പൊലീസ് ശേഖരിക്കുന്ന വിവരങ്ങള്‍, കൊച്ചി പൊലീസ് തയ്യാറാക്കിയ ആപ്പിന് കൈമാറണമെന്ന നോഡല്‍ ഓഫീസര്‍ വിജയ് സാക്കറയുടെ നിര്‍ദ്ദേശത്തിനെതിരെ ദക്ഷിണ മേഖലാ ഐജി തന്നെയാണ് ഡിജിപിയെ സമീപിച്ചിരിക്കുന്നത്. തന്റെ കീഴിലുള്ള എസ്പിമാര്‍ ആപ്പിലേക്ക് വിവരം കൈമാറരുതെന്നും ദക്ഷിണമേഖല ഐജി ഹര്‍ഷിതാ അത്തല്ലൂരി നിര്‍ദ്ദേശിച്ചിട്ടുണ്ട്.
കൊവിഡ് രോഗികളുടെ ഫോണ്‍ വിശദാംശങ്ങള്‍ ശേഖരിക്കുന്നത് സ്വകാര്യതയിലേക്കുള്ള കടന്നു കയറ്റമാണെന്ന വിവാദം കത്തി നില്‍ക്കെയാണ് പൊലീസിലും തര്‍ക്കം രൂക്ഷമാകുന്നത്. ശേഖരിക്കുന്ന വിവരങ്ങള്‍ കേന്ദ്രീകൃതമായ ക്രോഡീകരിക്കുന്നതിന് വേണ്ടി വിവരങ്ങള്‍ പ്രത്യേക ആപ്പിലേക്ക് അയക്കണമെന്നാണ് നോഡല്‍ ഓഫീസര്‍ കൂടിയായ കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ വിജയ് സാക്കറെ ജില്ലാ പൊലീസ് മേധാവിമാരോട് ആവശ്യപ്പെട്ടിരുന്നത്.
ഡല്‍ഹി ആസ്ഥാനമായ ഒരു കമ്പനിയാണ് ആപ്പ് തയ്യാറാക്കിയിരിക്കുന്നത്. ശേഖരിക്കുന്ന വിവരങ്ങള്‍ ഏത് സര്‍വ്വറിലേക്കാണ് പോകുന്നതെന്ന കാര്യത്തിലും ജില്ലാ പൊലീസ് മേധാവിമാര്‍ക്ക് വ്യക്തതയില്ല. ഈ സാഹചര്യത്തിലാണ് ദക്ഷിണ മേഖലാ ഐജിയുടെ എതിര്‍പ്പ്. കൊച്ചിയില്‍ തയ്യാറാക്കിയ ആപ്പിലേക്ക് വിവരങ്ങള്‍ കൈമാറരുതെന്നാണ് ഹര്‍ഷിത അട്ടല്ലൂരി തന്റെ കീഴിലുള്ള എസ്പിമാര്‍ക്ക് നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം. സര്‍ക്കാര്‍ ഉത്തരവ് പ്രകാരം കൊവിഡ് ജാഗ്രത പോര്‍ട്ടല്‍ ഒഴികെയുള്ള മറ്റൊരു ആപ്പിലേക്ക് എങ്ങിനെ വിവരങ്ങള്‍ കൈമാറുമെന്നും ഇതില്‍ വ്യക്തത വേണമെന്നും ആവശ്യപ്പെട്ട് ഐജി ഡിജിപിക്ക് കത്തും നല്‍കിയിട്ടുണ്ടെന്നാണ് ലഭിക്കുന്ന വിവരം.
നേരത്തെ കാസര്‍ഗോഡ് രോഗികളുടെ വിവരങ്ങള്‍ ചോര്‍ന്നത് ഏറെ വിവാദമായിരുന്നു. ഇത് പൊലീസ് തയ്യാറാക്കിയ ആപ്പ് വഴിയെന്ന സംശയവും ഉയര്‍ന്നിരുന്നു.
അതേ സമയം രണ്ട് മേഖല ഐ.ജിമാരും ഒരു എ.ഡി.ജി.പിയും ക്രമസമാധാന ചുമതലയിലുണ്ടായിരിക്കെ കൊച്ചി കമ്മീഷണറായ ഐ.ജിയെ നോഡല്‍ ഓഫീസറായി നിയമിച്ചത് ശരിയായില്ലന്ന നിലപാടും മുതിര്‍ന്ന ഐ.പി.എസ് ഉദ്യോഗസ്ഥര്‍ക്കിടയിലുണ്ട്. ഇക്കാര്യത്തില്‍ ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ എടുത്ത നിലപാടാണ് വിമര്‍ശിക്കപ്പെടുന്നത്. ക്രൈംബ്രാഞ്ചിലും ലോക്‌നാഥ് ബെഹ്‌റ നടത്തുന്ന പല ഇടപെടലുകളും ഇതിനകം തന്നെ രൂക്ഷ വിമര്‍ശനത്തിന് കാരണമായിട്ടുണ്ട്.
കേസന്വേഷണം ഉള്‍പ്പെടെ തനിക്കിഷ്ടപ്പെട്ട ഉദ്യോഗസ്ഥന് കൈമാറുന്ന ബെഹ്‌റയുടെ നിലപാട് മൂലം പാലത്തായി കേസില്‍ വെട്ടിലായത് സംസ്ഥാന സര്‍ക്കാറാണ്. ക്രൈംബ്രാഞ്ചിലെ മറ്റ് ഐ.ജിമാരെ നോക്കുകുത്തിയാക്കി ഒരു ഐ.ജിക്ക് മാത്രം ചുമതലകള്‍ നല്‍കുന്നത് ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥര്‍ക്കിടയിലും പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്. മുഖ്യമന്ത്രിയുടെ ഓഫീസിന്റെ പൊലീസ് ഭരണത്തിലെ വീഴ്ചയായും ഈ ഇടപെടല്‍ വിലയിരുത്തപ്പെടുന്നുണ്ട്.