ക്രിമിനൽ പൊലീസുകാരെ പിരിച്ചുവിടുന്നതിന് ‘പരിഹാസ’ കമ്മറ്റിയുണ്ടാക്കി പൊലീസ് ചീഫ്

behra

തിരുവനന്തപുരം: ക്രിമിനല്‍ കേസില്‍ പ്രതികളായ പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ സംസ്ഥാന പൊലീസ് മേധാവി ചുമതലപ്പെടുത്തിയ സമിതിയുടെ അദ്ധ്യക്ഷന് കീഴില്‍ തന്നെ ക്രിമിനല്‍ കേസ് പ്രതി.ഡി.ജി.പി ക്രിമിനല്‍ പൊലിസ് പട്ടിക തയ്യാറാക്കാന്‍ ചുമതലപ്പെടുത്തിയ ക്രൈം ബ്രാഞ്ച് മേധാവി മുഹമ്മദ് യാസിനു കീഴിലാണ് ക്രിമിനല്‍ കേസ് പ്രതിയായ ഐ.ജി ശ്രീജിത്ത് പ്രവര്‍ത്തിക്കുന്നത്.

നേരത്തെ വരാപ്പുഴ കസ്റ്റഡി മരണ കേസ് ഈ ഉദ്യോഗസ്ഥനെ ഏല്‍പ്പിച്ചതിനെതിരെ പ്രമുഖ പരസ്ഥിതി പ്രവര്‍ത്തകന്‍ ഹരീഷ് വാസുദേവന്‍ അടക്കമുള്ളവര്‍ രംഗത്ത് വന്നിരുന്നു. എറണാകുളത്തെ വസ്തുതട്ടിപ്പ് കേസില്‍ പി.വി വിജു എന്ന ബിസിനസ്സുകാരന്‍ നല്‍കിയ പരാതിയിലാണ് ശ്രീജിത്തിനെതിരെ നിലവില്‍ കേസുള്ളത്. ഈ കേസ് (സി.സി.നം.695/2008) ഇപ്പോള്‍ വിചാരണ ഘട്ടത്തിലാണ്.

പൊലീസിലെ ക്രിമിനല്‍ കേസിലെ പ്രതികളെ തേടുന്ന ഡി.ജി.പിയും ക്രൈം ബ്രാഞ്ച് മേധാവിയും ആദ്യം തൊട്ട് കീഴെ ജോലി ചെയ്യുന്ന ഈ ഉദ്യോഗസ്ഥനെതിരെ നടപടി സ്വീകരിച്ചു വേണം മറ്റുള്ളവരുടെ കാര്യം പരിശോധിക്കാനെന്ന അഭിപ്രായം സേനക്കകത്ത് നിന്നു തന്നെ ഉയര്‍ന്നിട്ടുണ്ട്.

നിരപരാധിയാണെന്ന് സ്വയം അവകാശപ്പെടുന്ന കേസില്‍ പ്രതികളായ ഉദ്യോഗസ്ഥര്‍ക്ക് ഹൈക്കോടതിയെ സമീപിച്ച് കേസ് റദ്ദാക്കാന്‍ കഴിയാത്തതും ഇതിനകം തന്നെ ചോദ്യം ചെയ്യപ്പെട്ടു കഴിഞ്ഞു.ക്രൈംബ്രാഞ്ച് മേധാവി അദ്ധ്യക്ഷനായ സമിതിയില്‍ സംസ്ഥാന രഹസ്യാന്വേഷണ വിഭാഗം ഐ.ജി,എസ്.പി, സായുധസേനാ ഡി.ഐ.ജി, എന്‍.ആര്‍.ഐ സെല്‍ എസ്.പി എന്നിവര്‍ അംഗങ്ങളാണ്.

പൊലീസ് സേനയില്‍ 1129 ക്രിമിനല്‍ കേസുകളില്‍ പ്രതികളുണ്ടെന്ന വിവരാവകാശ രേഖ അടുത്തയിടെ പുറത്ത് വന്നിരുന്നു. ഇതില്‍ ചില ഉന്നത ഉദ്യോഗസ്ഥരെ ഒഴിവാക്കി വിവരം പുറത്ത് വിട്ടതില്‍ പൊലീസ് ആസ്ഥാനത്ത് കള്ളക്കളി നടന്നതായും പരാതി ഉയര്‍ന്നിട്ടുണ്ട്. ഇതിനെതിരെ ഒരു വിഭാഗം രേഖകള്‍ സഹിതം പരാതി നല്‍കിയതായാണ് വിവരം.

അന്വേഷണ റിപ്പോര്‍ട്ടില്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയ ഉയര്‍ന്ന ഉദ്യോഗസ്ഥനെ രക്ഷിക്കാന്‍ മറ്റ് ചില ജൂനിയര്‍ ഉദ്യോഗസ്ഥരെ കൊണ്ട് വീണ്ടും തട്ടിക്കൂട്ട് റിപ്പോര്‍ട്ട് ഉണ്ടാക്കിയത് അതീവ ഗൗരവമുള്ള കാര്യമായതിനാല്‍ അക്കാര്യവും പരിശോധിക്കണമെന്നതാണ് ആവശ്യം.

നിലവില്‍ പട്ടികയിലുള്ള പലരും ഗുരുതരമായ കുറ്റകൃത്യങ്ങളില്‍ പ്രതികളാണ്. ഇവരെ സര്‍വീസില്‍നിന്ന് നീക്കം ചെയ്യുന്നതടക്കമുള്ള കാര്യങ്ങള്‍ സമിതി പരിശോധിക്കുമെന്നാണ് അവകാശവാദം. ഗുരുതരമായ കുറ്റകൃത്യങ്ങളില്‍ പ്രതികളായവര്‍ സര്‍വീസില്‍ തുടരുന്നതിന്റെ ധാര്‍മികത കോടതികളും വിവിധ ഏജന്‍സികളും ചോദ്യംചെയ്തിരുന്നു. കേന്ദ്ര ഇന്റലിജന്‍സ് ഏജന്‍സി ഇക്കാര്യത്തില്‍ സംസ്ഥാന പൊലീസിന് മുന്നറിയിപ്പും നല്‍കിയിരുന്നു.

ക്രിമിനല്‍ കേസില്‍ പ്രതികളായ പൊലീസ് ഉദ്യോഗസ്ഥരില്‍ 215 പേര്‍ തിരുവനന്തപുരത്ത് ജോലിചെയ്യുന്നവരാണ്. പത്ത് ഡിവൈ.എസ്.പിമാരും എട്ട് സി.ഐ.മാരും പട്ടികയലുണ്ട്. 195 എസ്.ഐമാരും ക്രിമിനല്‍ കേസ് പ്രതികളാണ്.

ക്രിമിനല്‍ കേസ് പ്രതികളായ പൊലീസുകാര്‍ക്കെതിരേ നടപടി വേണമെന്ന് മനുഷ്യാവകാശ കമ്മിഷനും ആവശ്യപ്പെട്ടിരുന്നു. ഒരു മാസത്തിനകം നിലപാട് അറിയിക്കാന്‍ ഡി.ജി.പിക്കും ആഭ്യന്തര സെക്രട്ടറിക്കും കമ്മിഷന്‍ ചെയര്‍മാന്‍ പി. മോഹനദാസ് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

വസ്തു തട്ടിയെടുക്കല്‍, കസ്റ്റഡി മര്‍ദനം, സ്ത്രീപീഡനം, കൈക്കൂലി, മയക്കുമരുന്ന് കേസ് അടക്കം വിവിധ കേസുകളുണ്ട് ഉദ്യോഗസ്ഥരുടെ പേരില്‍. കൊല്ലത്ത് 146 പേരും, എറണാകുളത്ത് 125 പേരും കേസുകളില്‍ പ്രതികളാണ്. 2018 ഫെബ്രുവരിയിലാണ് പൊലീസ് സമിതി ഏറ്റവും ഒടുവില്‍ യോഗം ചേര്‍ന്ന് കേസുകള്‍ പരിശോധിച്ചത്.

ക്രിമിനല്‍ കേസ് പ്രതികളായ പൊലീസുകാരുടെ പട്ടിക തയ്യാറാക്കാന്‍ നേരത്തെ ഹൈക്കോടതിയും ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ എ.ഡി.ജി.പി. റാങ്കിലുള്ള ഉദ്യോഗസ്ഥനെ അധ്യക്ഷനാക്കി കമ്മിറ്റി രൂപീകരിച്ചിരുന്നു. ഇതിനുശേഷമാണ് പട്ടിക പുറത്തുവന്നത്. ഈ പട്ടികയില്‍ നിന്ന് ചിലരെ ബോധപൂര്‍വ്വം ഒഴിവാക്കിയതാണ് ഇപ്പോള്‍ വീണ്ടും വിവാദത്തിന് കാരണമായിരിക്കുന്നത്

റിപ്പോര്‍ട്ട്: എം വിനോദ്‌

Top