പൂനത്തിനെതിരെ പോലീസിൽ പരാതി; കേസെടുക്കണമെന്ന് ഓൾ ഇന്ത്യ സിനി അസോസിയേഷൻ

 നടിയും മോഡലുമായ പൂനം പാണ്ഡെയ്‌ക്കെതിരെ നടപടിയുമായി ഓൾ ഇന്ത്യൻ സിനി വർക്കേഴ്സ് അസോസിയേഷൻ. വ്യാജമരണ വാർത്ത പ്രചരിപ്പിച്ചതിന് നടിക്കെതിരെ കേസെടുക്കണമെന്നാണ് സംഘടനയുടെ ആവശ്യം. ഇതുസംബന്ധിച്ച് മുംബൈയിലെ വിഖ്രോലി പാർക്ക്സൈറ്റ് പോലീസ് സ്റ്റേഷനിൽ അസോസിയേഷൻ പരാതി നൽകി. പബ്ലിസിറ്റിക്ക് വേണ്ടി വ്യാജ മരണവാർത്ത പ്രചരിപ്പിച്ച പൂനം പാണ്ഡെയ്‌ക്കും അവരുടെ മാനേജറിനും എതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്യണമെന്ന് ഓൾ ഇന്ത്യൻ സിനി വർക്കേഴ്സ് അസോസിയേഷൻ ആവശ്യപ്പെട്ടു.

“സെർവിക്കൽ ക്യാൻസർ മൂലം നിര്യാതയായെന്ന പൂനം പാണ്ഡെയെക്കുറിച്ചുള്ള വിയോ​ഗ വാർർത്ത ഇന്ത്യൻ ചലച്ചിത്ര മേഖലയെ ഞെട്ടിച്ചിരുന്നു. വാർത്ത പ്രചരിപ്പിച്ചത് പബ്ലിസിറ്റിക്ക് വേണ്ടിയാണെന്ന് ഒടുവിൽ സ്ഥിരീകരണം വന്നു. അവർക്ക് ആദരാഞ്ജലി അർപ്പിച്ച ഓരോരുത്തരെയും അപമാനിക്കുന്നതിന് തുല്യമായ സമീപനമാണ് നടിയുടെ ഭാ​ഗത്ത് നിന്നുണ്ടായത്. പിആറിന് വേണ്ടി വ്യാജ വാർത്ത പ്രചരിപ്പിച്ച നടിക്കെതിരെയും അവരുടെ മാനേജറിനെതിരെയും കേസ് രജിസ്റ്റർ ചെയ്യണമെന്ന് അഭ്യർത്ഥിക്കുന്നു. ഇത്തരം വ്യാജവാർത്തകൾ മറ്റൊരാളും പ്രചരിപ്പിക്കാതിരിക്കണമെങ്കിൽ പൂനം പാണ്ഡെയ്‌ക്കെതിരെ കർശന നടപടി സ്വീകരിക്കേണ്ടതുണ്ട്. രാജ്യത്തെ ചലച്ചിത്ര വ്യവസായ മേഖലയിൽ ഇത്തരം വിലകുറഞ്ഞ പബ്ലിസിറ്റി സ്വീകാര്യമല്ലെന്ന് ഓർമ്മിപ്പിക്കുന്നു.” ഇതായിരുന്നു പരാതിയിലൂടെ അസോസിയേഷൻ ആവശ്യപ്പെട്ടത്.

കഴിഞ്ഞ ദിവസമായിരുന്നു നടി മരിച്ചുവെന്ന തരത്തിൽ വാർത്തകൾ പുറത്തുവന്നത്. കുടുംബാം​ഗങ്ങൾ ഇത് സ്ഥിരീകരിക്കുകയും ചെയ്തിരുന്നു. സെർവിക്കൽ ക്യാൻസർ മൂലം മരിച്ചുവെന്നായിരുന്നു വാർത്ത. ഇതിന് പിന്നാലെ കുടുംബാം​ഗങ്ങളെ കാണാതാവുകയും ചെയ്തു. അപ്പോൾ മുതലാണ് മരണവാർത്തയിൽ ദുരൂഹതയുണ്ടെന്ന ആരോപണം ഉയർന്നത്. ഒടുവിൽ താൻ മരിച്ചിട്ടില്ലെന്ന് വ്യക്തമാക്കി നടി തന്നെ രം​ഗത്തെത്തുകയായിരുന്നു. സെർവിക്കൽ ക്യാൻസറിനെതിരായ ബോധവത്കരണമാണ് താനുദ്ദേശിച്ചതെന്നും താരം വ്യക്തമാക്കി. എന്നിരുന്നാലും പൂനത്തിനെതിരെ വൻ വിമർശനമാണ് സോഷ്യൽമീഡിയയിൽ നിന്നും ചലച്ചിത്രമേഖലയിൽ നിന്നുമുയരുന്നത്.

Top