മംഗളൂരു: ആര്‍ എസ് എസ്സിന്റെ പ്രത്യേയശാസ്ത്രം ഹിറ്റ്ലറുടെ നാസിസമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.
സി പി എം ദക്ഷിണ കന്നട ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ മതസൗഹാര്‍ദ്ദറാലിയെ അഭിസംബോധന ചെയ്തു സംസാരിക്കുമ്പോഴാണ് പിണറായി ആര്‍ എസ് എസ്സിനെതിരെ രൂക്ഷ വിമര്‍ശനമുയര്‍ത്തിയത്.
ആര്‍ എസ് എസ് മതനിരപേക്ഷതക്കെതിരാണ്. ഗോഡ്സെ ആര്‍ എസ് എസ്സിന്റെ കയ്യിലെ ആയുധം മാത്രമായിരുന്നു. ഗാന്ധിജി കൊല്ലപ്പെട്ടപ്പോള്‍ മധുരം വിതരണം ചെയ്തവരാണ് ആര്‍ എസ് എസ്സുകാര്‍. രാജ്യത്തെ എല്ലാ വര്‍ഗീയ കലാപങ്ങള്‍ക്കും നേതൃത്വം നല്‍കിയവരാണ് ആര്‍ എസ് എസ്സുകാര്‍ എന്നും പിണറായി പറഞ്ഞു.
ആര്‍ എസ് എസ്സിന്റെ പ്രത്യേയശാസ്ത്രം നാസിസമാണ്. ഹിറ്റ്ലറുടെ ന്യൂനപക്ഷ വിരുദ്ധനയം ആര്‍ എസ് എസ്സിനെ ആവേശഭരിതമാക്കി. ഹിറ്റ്ലറുടെ നയത്തെ മറ്റെല്ലാ സംഘടനകളും തള്ളി പറഞ്ഞപ്പോള്‍ ആര്‍ എസ് എസ് അതിനെ സ്വീകരിക്കുകയാണ് ചെയ്തത്.
ആര്‍എസ്എസ് പൊതുധാരയില്‍നില്‍ക്കുന്ന ഒരു സംഘടനയല്ല. നമ്മുടെ രാജ്യത്ത് മതസൗഹാര്‍ദ്ദത്തിന് അപകടമുണ്ടാക്കുന്ന ഒട്ടേറെ നീക്കങ്ങള്‍ നടന്നുകൊണ്ടിരിക്കുകയാണ്. രാജ്യത്തെ ഗവണ്‍മെന്റെിന്റെ ഭാഗമായുള്ള ആര്‍ എസ് എസ്സാണ് അതിന് നേതൃത്വം നല്‍കുന്നത്. ആര്‍ എസ് എസ് രാജ്യത്ത് എല്ലാക്കാലവും വര്‍ഗീയത വളര്‍ത്താന്‍ ശ്രമിക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
സ്വാതന്ത്രസമരത്തില്‍ ആര്‍എസ്എസ് ഒരു പങ്കും വഹിച്ചിട്ടില്ല. ബ്രീട്ടീഷുകാര്‍ ഇന്ത്യയില്‍ തുടരുന്നതിന് അനുമതി നല്‍കി, സ്വാതന്ത്ര സമരത്തെ വഞ്ചിച്ച സംഘടനയാണ് ആര്‍ എസ് എസ്. ജനങ്ങളെ ഒന്നിപ്പിച്ചു നിര്‍ത്താന്‍ ആര്‍ എസ് എസ് തയ്യാറല്ല. ജനങ്ങളെ ഭിന്നിപ്പിക്കാനാണ് ശ്രമിച്ചുകൊണ്ടിരുന്നത്. ജനങ്ങളുടെ ഐക്യത്തെ തകര്‍ക്കാനാണ് അവര്‍ ശ്രമിച്ചുകൊണ്ടിരുന്നതെന്നും പിണറായി പറഞ്ഞു.
ക്രിസ്ത്യന്‍, മുസ്ലിം വിഭാഗങ്ങളും കമ്മ്യൂണിസ്റ്റുകാരുമാണ് ആര്‍എസ്എസിന്റെ ഏറ്റവും വലിയ ശത്രുക്കള്‍. രാജ്യം ഇന്ത്യ എന്നു പേര് സ്വീകരിച്ചതിനെ പോലും ആര്‍എസ്എസ് എതിര്‍ക്കുകയായിരുന്നു. ഹിന്ദുസ്ഥാന്‍ എന്ന പേരാണ് അവര്‍ ആഗ്രഹിച്ചത്.
ആര്‍എസ്എസിനെതിരേ ആരും സംസാരിച്ചാലും അവരെ പാക്കിസ്ഥാനിലേക്ക് അയക്കണമെന്നാണ് അവര്‍ പറയുന്നത്. ജ്ഞാനപീഠം ജേതാവ് എം.ടി.വാസുദേവന്‍ നായര്‍, സംവിധായകന്‍ കമല്‍, ബോളിവുഡ് അഭിനേതാക്കളായ നന്ദിത ദാസ്, ഷാരൂഖ് ഖാന്‍, ആമിര്‍ ഖാന്‍ എന്നിവരെയെല്ലാം പാക്കിസ്ഥാനിലേക്ക് വിടണമെന്നാണ് ആര്‍എസ്എസ് പറയുന്നത്. നോട്ട് നിരോധനത്തിനെതിരേ സംസാരിച്ചതുകൊണ്ട് മാത്രമാണ് എം.ടിക്കെതിരെ ആര്‍എസ്എസ് തിരിഞ്ഞത്. ഇന്ത്യ എന്ന രാജ്യം ആര്‍എസ്എസിന്റെ മാത്രമാണോ എന്നും ഇത്തരം ധാരണകള്‍ അവര്‍ ഉപേക്ഷിക്കണമെന്നും ഈ രാജ്യം എല്ലാവരുടെയുമാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
സംഘപരിവാര്‍ സംഘടനകളുടെ പ്രതിഷേധം വകവയ്ക്കാതെയാണ് പിണറായി മംഗളൂരുവിലെത്തിയത്. റാലിയെ അഭിസംബോധന ചെയ്തു പിണറായി പ്രസംഗിച്ചാല്‍ മേഖലയില്‍ ശാന്തിയും സമാധാനവും നഷ്ടമാകുമെന്ന് സംഘപരിവാര്‍ സംഘടനകള്‍ ആരോപിച്ചിരുന്നു. വിശ്വഹിന്ദു പരിക്ഷത്ത്,ആര്‍ എസ് എസ് ,ബി ജെ പി തുടങ്ങി എല്ലാ സംഘപരിവാര്‍ സംഘടനകളും സംയുക്തമായാണ് പ്രതിഷേധ രംഗത്തുണ്ടായിരുന്നത്.