സുരക്ഷ ശക്തമാക്കുന്നു; നിലയ്ക്കലില്‍ പൊലീസ് കണ്‍ട്രോള്‍ റൂം തുറന്നു

നിലയ്ക്കല്‍: നിലയ്ക്കലില്‍ പോലീസ് കണ്‍ട്രോള്‍ റൂം തുറന്നു. നേരത്തെ പമ്പാ പോലീസ് സ്റ്റേഷന്‍ കേന്ദ്രീകരിച്ചായിരുന്നു സന്നിധാനത്തെ പോലീസ് നടപടികള്‍ പുരോഗമിച്ചിരുന്നത്. ഇവിടെ മതിയായ സൗകര്യങ്ങള്‍ ഇല്ലാത്തതിനാലാണ് കണ്‍ട്രോള്‍ റൂം തുറന്നത്.

എഡിജിപി അനില്‍കാന്ത്, ഐജി മനോജ് എബ്രഹാം എന്നിവരുടെ നേതൃത്വത്തിലാണ് പമ്പയിലും നിലയ്ക്കലിലും സുരക്ഷ ശക്തമാക്കിയിരിക്കുന്നത്. ശബരിമല പരിസരത്ത് നിരോധനാജ്ഞ കൂടി പ്രഖ്യാപിച്ചതോടെ പ്രതിഷേധങ്ങള്‍ കുറഞ്ഞിട്ടുണ്ട്. കാനനപാതയിലും പ്രതിഷേധക്കാര്‍ തമ്പടിച്ചിട്ടുണ്ട്. സുരക്ഷ കര്‍ശനമാക്കാന്‍ ഇനി എന്തൊക്കെ ചെയ്യാന്‍ കഴിയുമെന്ന ആലോചനയിലാണ് പോലീസ്.

അതേസമയം, ശബരിമലയില്‍ നിരോധനാജ്ഞ തുടരുകയാണ്. നിലയ്ക്കല്‍, പമ്പ, സന്നിധാനം, ഇലവുങ്കല്‍ തുടങ്ങിയ നാലു സ്ഥലങ്ങളിലാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്. ഈ നാലു പ്രദേശങ്ങളിലും പ്രതിഷേധങ്ങള്‍ അനുവദിക്കില്ല. എന്നാല്‍ ഭക്തര്‍ക്ക് നിരോധനാജ്ഞ ബാധകമായിരിക്കില്ല. ആവശ്യമെങ്കില്‍ നിരോധനാജ്ഞ നീട്ടുമെന്നും കളക്ടര്‍ അറിയിച്ചിട്ടുണ്ട്.

Top