കെവിന്‍ വധം;എസ്ഐയ്‌ക്കെതിരെ വകുപ്പുതല നടപടി, ജൂനിയര്‍ എസ്ഐ ആയി തരം താഴ്ത്തി

കൊച്ചി: കെവിന്‍ വധക്കേസില്‍ എസ്‌ഐ ഷിബുവിനെതിരെ വകുപ്പുതല നടപടി സ്വീകരിച്ചു. സംസ്ഥാനത്തെ ഏറ്റവും ജൂനിയര്‍ എസ്‌ഐ ആയി തരം താഴ്ത്തി ഉത്തരവിറക്കി.

എറണാകുളം റെയ്ഞ്ച് ഐജിയാണ് ഉത്തരവിറക്കിയിരിക്കുന്നത്. സസ്‌പെന്‍ഷനിലായിരുന്ന ഷിബുവിനെ തിരിച്ചെടുത്തത് വലിയ വിവാദമായിരുന്നു. ഷിബുവിനെ ഇടുക്കിയിലേയ്ക്ക് സ്ഥലംമാറ്റുകയും ചെയ്തിരുന്നു.

അതേസമയം, സസ്പെന്‍ഷനിലായിരുന്ന ഷിബുവിനെ സര്‍വ്വീസില്‍ തിരിച്ചെടുത്തതിനെതിരെ കെവിന്റെ പിതാവ് മുഖ്യമന്ത്രിക്കും ഡി.ജി.പിക്കും പ്രതിപക്ഷ നേതാവിനും പരാതി നല്‍കും. സസ്‌പെന്‍ഷനിലായിരുന്ന എസ്.ഐ ഐജിയുടെ ഉത്തരവിനെ തുടര്‍ന്നാണ് സര്‍വീസില്‍ പ്രവേശിച്ചത്. സംഭവം വിവാദമായ സാഹചര്യത്തിലാണ് വകുപ്പ്തല നടപടിസ്വീകരിച്ചിരിക്കുന്നത്.

എസ്.ഐയെ സര്‍വീസില്‍ തിരിച്ചെടുത്ത നടപടി നീതി നിഷേധമാണെന്നും തീരുമാനം പിന്‍വലിക്കണമെന്ന് മുഖ്യമന്ത്രിയോട് ആവശ്യപ്പെടുമെന്നും എസ്.ഐ കൃത്യ സമയത്ത് നടപടി എടുത്തിരുന്നെങ്കില്‍ കെവിന്റെ ജീവന്‍ നഷ്ടപ്പെടില്ലായിരുന്നെന്നും കെവിന്റെ പിതാവ് പറഞ്ഞു.

ഗാന്ധിനഗര്‍ എസ്ഐ ആയിരുന്ന എം.എസ്.ഷിബുവിനെ തിരിച്ചെടുക്കാന്‍ ഐജി ചൊവ്വാഴ്ചയാണ് ഉത്തരവിറക്കിയത്. ഔദ്യോഗിക കൃത്യവിലോപത്തിന് പിരിച്ചുവിടാന്‍ നോട്ടീസ് നല്‍കിയതിനു ശേഷമായിരുന്നു നടപടി. ഐജി വിജയ് സാഖറെയ്ക്കു നല്‍കിയ വിശദീകരണത്തിന്റെ അടിസ്ഥാനത്തില്‍ ഷിബുവിനെ തിരിച്ചെടുക്കാന്‍ തീരുമാനിക്കുകയായിരുന്നു.

കെവിനെ തട്ടിക്കൊണ്ടുപോയ ഉടന്‍തന്നെ കെവിന്റെ കുടുംബാംഗങ്ങള്‍ ഗാന്ധി നഗര്‍ സ്റ്റേഷനിലെത്തി പരാതി നല്‍കിയിരുന്നു. എന്നാല്‍ മുഖ്യമന്ത്രിയുടെ സുരക്ഷ ചുമതല ഉണ്ട് എന്ന കാരണം പറഞ്ഞ് നടപടികള്‍ ഷിബു വൈകിപ്പിക്കുകയായിരുന്നു.

കേസുമായി ബന്ധപ്പെട്ട് എഎസ്ഐ ടി.എം. ബിജുവിനെ സര്‍വീസില്‍നിന്നും പിരിച്ചുവിടുകയും സിപിഒ എം.എന്‍. അജയകുമാറിന്റെ ശമ്പളവര്‍ധന തടയുകയും സ്ഥലംമാറ്റുകയും ചെയ്തിരുന്നു. കേസിലെ മുഖ്യപ്രതിയില്‍ നിന്ന് കൈക്കൂലി വാങ്ങിയതാണ് ഇവര്‍ക്കെതിരായ നടപടിക്ക് കാരണം.

Top