യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കൊലപാതകം; രണ്ട് പേരെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു

കാസർകോട്: കാസർഗോട് പെരിയയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ കൊലപ്പെടുത്തിയ കേസിൽ രണ്ട് പേരെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. പിടിയിലായവരെ ചോദ്യം ചെയ്ത് വരികയാണെന്ന് പൊലീസ് അറിയിച്ചു.

രണ്ട് ബൈക്കുകളും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. അന്വേഷണസംഘം വിപുലീകരിച്ചുവെന്നാണ് പൊലീസ് അറിയിച്ചിരിക്കുന്നത്. പ്രതികളെ പിടികൂടാൻ ഡിജിപി കർണാടക പൊലീസിൻറെ സഹായം തേടിയിട്ടുണ്ട്.

രണ്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെയാണ് വെട്ടിക്കൊലപ്പെടുത്തിയത്. കൊലപാതകത്തില്‍ പ്രതിഷേധിച്ച് ജില്ലയില്‍ ഇന്ന് യുഡിഎഫ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരിക്കുകയാണ്.

പെരിയ കല്യോട്ടുള്ള സ്വദേശികളായ കൃപേശ്, ശരത് ലാല്‍ എന്നിവരാണ് കൊല്ലപ്പെട്ടത്. കാറില്‍ എത്തിയ സംഘം യുവാക്കളെ തടഞ്ഞ് നിര്‍ത്തി വെട്ടി കൊലപ്പെടുത്തുകയായിരുന്നു. ശരത് ലാല്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനും ജവഹര്‍ ബാല ജനവേദി മണ്ഡലം പ്രസിഡന്റും ആണ്.

മൂന്നംഗ സംഘമാണ് ഇരുവരെയും ആക്രമിച്ചതെന്നാണ് സൂചന. രാഷ്ട്രീയ കൊലപാതകമാണെന്നും പിന്നില്‍ സിപിഎം ആണെന്നുമാണ് കോണ്‍ഗ്രസ് ആരോപിക്കുന്നത്.

Top