അന്ന് പ്രതിയായ സിദ്ധിഖ് ഇന്ന് നിരപരാധി, നടപടി ആവശ്യപ്പെട്ട് പ്രതിഷേധവും ശക്തം . .

ള്ള കേസിൽ കുടുക്കി യുവാക്കളെ ജയിലിലടച്ച പൊലീസുദ്യോഗസ്ഥർക്കെതിരെ നടപടി ആവശ്യപ്പെട്ട് തെരുവിലിറങ്ങി ജനങ്ങൾ.

ലോക്കല്‍ പൊലീസിനെതിരെ നടപടി എടുക്കാന്‍ പ്രതിഷേധക്കാര്‍ ചൂണ്ടിക്കാട്ടുന്നത് ക്രൈം ബ്രാഞ്ച് അന്വേഷണ റിപ്പോര്‍ട്ടാണ്. ലോക്കല്‍ പൊലീസിനെ വിമര്‍ശിക്കുന്ന പ്രകടനത്തില്‍ ക്രൈംബ്രാഞ്ചിന് അഭിവാദ്യമര്‍പ്പിച്ചാണ് മുഷ്ടികള്‍ ഉയര്‍ത്തിയിരിക്കുന്നത്.

സംസ്ഥാനത്ത് ഏറെ വിവാദം സൃഷ്ടിച്ച സംഭവമായിരുന്നു 2014 ഒക്ടോബര്‍ 16ന് എറണാകുളത്ത് അരങ്ങേറിയിരുന്നത്.

അന്ന് നഗരഹൃദയത്തിലെ കറുകപ്പള്ളി മസ്ജിദ് ഡിവൈഎഫ്ഐ യൂണിറ്റ് സെക്രട്ടറിയായിരുന്ന എം.എ സിദ്ധിഖിനെയും കൂട്ടുകാരേയും സെന്‍ട്രല്‍ സി.ഐയും സംഘവുമാണ് അറസ്റ്റ് ചെയ്തിരുന്നത്. അറസ്റ്റിന് പൊലീസ് പറഞ്ഞ കാരണങ്ങളെല്ലാം ഏറെ വിചിത്രവുമായിരുന്നു.

മുഖ്യമന്ത്രിയുടെ പേര് പറഞ്ഞ് ഭീഷണിപ്പെടുത്തിയെന്ന കേസില്‍ സിദ്ധിഖ് അടക്കം 9 പേരെയാണ് പൊലീസ് അന്ന് അറസ്റ്റ് ചെയ്ത് ജയിലിലടച്ചിരുന്നത്. പിണറായി സര്‍ക്കാര്‍ അധികാരത്തിലേറിയതിന് തൊട്ടു പിന്നാലെയുണ്ടായ ഈ കേസ് ഏറെ വിവാദങ്ങള്‍ക്കാണ് വഴിമരുന്നിട്ടിരുന്നത്. നിയമസഭയിലും സംഭവം പ്രതിപക്ഷം വിവാദമാക്കുകയുണ്ടായി.

സാന്ദ്ര തോമസ് എന്ന യുവതിയുടെ പരാതിയിന്‍മേലാണ് സിദ്ധിഖും കൂട്ടുകാരന്‍ നിയാസ് അസീസും അടക്കമുള്ളവരെ രാത്രി 10.50ന് പൊലീസ് അറസ്റ്റ് ചെയ്തിരുന്നത്.

ഈ സംഭവത്തോടെ ഡി.വൈ.എഫ്.ഐയും സിദ്ധിഖിനെതിരെ അച്ചടക്ക നടപടി സ്വീകരിക്കാന്‍ നിര്‍ബന്ധിക്കപ്പെട്ടു. എറണാകുളം ബ്ലോക്ക് കമ്മറ്റി അംഗമായ സിദ്ധിഖിന്റെ ഭാര്യ അഡ്വ.ഫാത്തിമ സിദ്ധിഖിനും തല്‍സ്ഥാനത്ത് നിന്നും മാറി നില്‍ക്കേണ്ടിയും വന്നിരുന്നു. സിദ്ധിഖിന്റെ കൂട്ടുകാരനായ നിയാസ് അസീസിന്റെ പിതാവ് മരണപ്പെട്ടതും മകന്റെ അറസ്റ്റില്‍ മനംനൊന്താണ്.

കള്ള കേസാണ് തങ്ങള്‍ക്കെതിരെ ചുമത്തിയതെന്ന് അന്ന് സിദ്ധിഖും നിയാസും വിളിച്ച് പറഞ്ഞെങ്കിലും ആരും തന്നെ അത് കേട്ടഭാവം പോലും നടിച്ചിരുന്നില്ല. എന്നാല്‍ കാലം കരുതിവച്ച നീതി വൈകിയാണെങ്കിലും ഇപ്പോള്‍ സിദ്ധിഖിനും സുഹൃത്തുക്കള്‍ക്കും ലഭിച്ചിരിക്കുകയാണ്.

ജാമ്യത്തില്‍ പുറത്തിറങ്ങിയ സിദ്ധിഖ് മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയില്‍ ക്രൈംബ്രാഞ്ച് അന്വേഷണം നടത്തിയതാണ് കേസില്‍ വഴിതിരിവായിരുക്കുന്നത്. ഡി.വൈ.എസ്.പി പ്രക്ഷോഭിന്റെ നേതൃത്വത്തില്‍ ക്രൈംബ്രാഞ്ച് സംഘം നടത്തിയ അന്വേഷണത്തിലാണ് യാഥാര്‍ത്ഥ്യം തിരിച്ചറിഞ്ഞത്.

ജോഷി, രാജേഷ് എന്നീ പ്രതികളൊഴികെ മറ്റാര്‍ക്കും കേസില്‍ ബന്ധമില്ലന്നാണ് ക്രൈംബ്രാഞ്ച് കണ്ടെത്തിയിരിക്കുന്നത്. ഈ രണ്ട് പേരെയാകട്ടെ സിദ്ധിഖിനും മറ്റുള്ളവര്‍ക്കും കണ്ട പരിചയം പോലും ഉണ്ടായിരുന്നുമില്ല. ഇക്കാര്യം അന്വേഷണ സംഘവും ഇപ്പോള്‍ സ്ഥിരീകരിച്ചിട്ടുണ്ട്.

പരാതിക്കാരി സാന്ദ്ര തോമസാകട്ടെ നിരവധി കേസുകളില്‍ നിലവില്‍ പ്രതിയുമാണ്. ഇക്കാര്യവും ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

സാന്ദ്ര തോമസിനെ കൊണ്ട് സിദ്ധിഖിന്റെയും കൂട്ടുകാരുടെയും പേര് ബോധപൂര്‍വ്വം പറയിപ്പിച്ചതാണെന്ന് മുമ്പ് തന്നെ ആരോപണവും ഉയര്‍ന്നിരുന്നു. എന്നാല്‍ മാധ്യമങ്ങള്‍ പോലും ഈ വാദം തള്ളിക്കളയുകയാണ് ചെയ്തിരുന്നത്.

ഒരു ക്രിമനല്‍ കേസില്‍ പൊലീസ് വിചാരിച്ചാല്‍ ആരെയും പ്രതിയാക്കാന്‍ പറ്റുമെന്നതിന്റെ നേര്‍ ചിത്രമാണ് എറണാകുളത്തെ ഈ കേസ്.

സിദ്ധിഖിനോട് ഒരു ‘വ്യക്തി’ക്കുണ്ടായ പകയാണ് ഈ കേസില്‍ അദ്ദേഹത്തെ പ്രതിയാക്കുന്നതില്‍ എത്തിയതെന്നാണ് ലഭിക്കുന്ന വിവരം. ഈ വ്യക്തിയാകട്ടെ സിദ്ധിഖിനെ അറസ്റ്റ് ചെയ്ത പൊലീസുദ്യോഗസ്ഥന്റെ അടുത്ത സുഹൃത്തുമാണ്.

ഇവര്‍ തമ്മിലുള്ള ബന്ധമാണ് കള്ളക്കേസിന് പിന്നിലെന്ന് സിദ്ധിഖിന്റെ ഭാര്യയും അഭിഭാഷകയുമായ ഫാത്തിമയും ചൂണ്ടിക്കാട്ടുന്നുണ്ട്.

പൊലീസ് സൗഹൃദം പക വീട്ടാനുള്ള അവസരമായി ആര് ഉപയോഗിച്ചാലും അതിന് കൂട്ട് നില്‍ക്കാന്‍ കഴിയില്ലന്നാണ് ക്രൈംബ്രാഞ്ച് ഉന്നതരും വ്യക്തമാക്കുന്നത്.

ലോക്കല്‍ പൊലീസിന്റെ ഗുരുതര വീഴ്ചകള്‍ അക്കമിട്ട് നിരത്തുന്നതാണ് ക്രൈംബ്രാഞ്ചിന്റെ ഇപ്പോഴത്തെ കണ്ടെത്തല്‍.

എന്തിനു വേണ്ടി സിദ്ധിഖിനെയും സുഹൃത്തുക്കളെയും കേസില്‍ പ്രതിയാക്കി അര്‍ദ്ധരാത്രി അറസ്റ്റ് ചെയ്തു എന്ന ചോദ്യത്തിനു ലോക്കല്‍ പൊലീസും ഇപ്പോള്‍ കൈ മലര്‍ത്തുകയാണ്. ഇതു തന്നെയാണ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെടാന്‍ അറസ്റ്റിലായവരെ പ്രേരിപ്പിച്ചിരിക്കുന്നത്.

ഇക്കാര്യം ആവശ്യപ്പെട്ടാണ് രാഷ്ട്രീയ കക്ഷി ഭേദമന്യേ ജനങ്ങളും സംഘടിച്ച് പ്രതിഷേധവുമായി രംഗത്തിറങ്ങിയിരിക്കുന്നത്.

ഒരു നിരപരാധിയെ അറസ്റ്റ് ചെയ്ത് ജയിലിലടച്ചാല്‍ അത് ചോദ്യം ചെയ്യുമെന്നതാണ് ജനവികാരം. ഇനിയും ഇത്തരം കിരാത നടപടി ആവര്‍ത്തിക്കാതിരിക്കാന്‍ വകുപ്പ് തല നടപടി സ്വീകരിക്കാന്‍ പൊലീസ് തയ്യാറാവണമെന്നാണ് നാട്ടുകാര്‍ ആവശ്യപ്പെടുന്നത്.

സാധാരണഗതിയില്‍ കേസില്‍ പ്രതികളായവരെ വിചാരണ നടത്തി കോടതിയാണ് കുറ്റവിമുക്തറാക്കാറുള്ളത്. എന്നാല്‍ ഇവിടെ ലോക്കല്‍ പൊലീസിനെ ക്രൈംബ്രാഞ്ച് തന്നെയാണ് തിരുത്തിയിരിക്കുന്നത്. ഈ നടപടി ലോക്കല്‍ പൊലീസിനെ ശരിക്കും ഞെട്ടിച്ചിട്ടുണ്ട്.

അതേസമയം പറ്റിയ പിഴവ് തിരുത്തി മാധ്യമങ്ങള്‍ ഇക്കാര്യത്തില്‍ വൈകിയെങ്കിലും സിദ്ധിഖിനും കൂട്ടുകാര്‍ക്കും നീതി ലഭ്യമാക്കിയിട്ടുണ്ട്. ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ട് പ്രാധാന്യത്തോടെയാണ് മിക്ക മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

സാധാരണ മാധ്യമ ലോകത്ത് നിന്നും സാധാരണക്കാര്‍ക്ക് ലഭിക്കാത്ത നീതിയാണിത്.

സിദ്ധിഖിനെ അറസ്റ്റ് ചെയ്തപ്പോള്‍ അത് സി.പി.എം കളമശ്ശേരി ഏരിയാ സെക്രട്ടറിയുമായി കണക്ട് ചെയ്ത് വിവാദം കൊഴുപ്പിക്കാനാണ് മാധ്യമങ്ങള്‍ ശ്രമിച്ചിരുന്നത്. ഈ മാധ്യമ പ്രചരണത്തില്‍ വീണാണ് പ്രതിപക്ഷവും സംഭവം നിയമസഭയില്‍ ഉന്നയിച്ചിരുന്നത്.

സി.പി.എമ്മിനെയും സര്‍ക്കാറിനെയും കടന്നാക്രമിക്കാനാണ് ഈ സംഭവത്തെ പ്രതിപക്ഷം യഥാര്‍ത്ഥത്തില്‍ പര്‍വ്വതീകരിച്ചിരുന്നത്.

ചാനല്‍ ചര്‍ച്ചകളില്‍ പോലും ഇടം പിടിച്ച വിവാദമാണ് ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ടോടെ പുതിയ വഴിത്തിരിവില്‍ എത്തിയിരിക്കുന്നത്. ഇനിയുള്ളത് ക്ലൈമാക്‌സ് മാത്രമാണ്. അതില്‍ ആര് കുടുങ്ങുമെന്നതാണ് കണ്ടറിയേണ്ടത്.

സിദ്ധിഖിനെയും കൂട്ടുകാരെയും അറസ്റ്റ് ചെയ്ത ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ഉണ്ടായാല്‍ അത് പുതിയ ചരിത്രത്തിനാണ് തുടക്കം കുറിക്കുക. കള്ള കേസുകള്‍ ചുമത്തുന്ന പൊലീസിന് ഒരു മുന്നറിയിപ്പ് കൂടിയായി അത്തരം നടപടികള്‍ മാറാനാണ് സാധ്യത.

Staff Reporter

Top