ഊരാളുങ്കലിന് ഡേറ്റാബേസ് കൈമാറിയതില്‍ സുരക്ഷാപ്രശ്നങ്ങളില്ല: മുഖ്യമന്ത്രി

തിരുവനന്തപുരം: ഊരാളുങ്കലിന് ഡേറ്റാബേസ് കൈമാറിയതില്‍ സുരക്ഷാപ്രശ്നങ്ങളില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പോലീസ് ഡേറ്റ ബേസ് ഊരാളുങ്കലിന് നല്‍കുന്നതിനെതിരെ സഭയില്‍ അടിയന്തിരപ്രമേയം അവതരിപ്പിച്ച ശബരിനാഥിന് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം.

പൊലീസ് രഹസ്യങ്ങള്‍ സംരക്ഷിക്കപ്പെടണം എന്നതാണ് സര്‍ക്കാര്‍ നയം. ഡേറ്റാ സുരക്ഷ സര്‍ക്കാര്‍ ഉറപ്പാക്കും.നിലവില്‍ രാജ്യവ്യാപകമായി പാസ് പോര്‍ട്ട് ഓഫീസുകളില്‍ സേവനം നല്‍കുന്നത് ടാറ്റാ കണ്‍സല്‍ട്ടന്‍സി സര്‍വ്വീസാണ്. പാസ്‌പോര്‍ട്ട് വിവരങ്ങള്‍ അവരുടെ കൈവശമുണ്ട്. വിവരങ്ങള്‍ പുറത്തു പോകാതിരിക്കാന്‍ നോണ്‍ ഡിസ്‌ക്ലോഷര്‍ എഗ്രിമെന്റ് കേന്ദ്രസര്‍ക്കാര്‍ ഒപ്പിട്ടുണ്ട്. ആ മാര്‍ഗ്ഗം ഇവിടേയും സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഒരു എ.പി.ഐ. വിന്യസിക്കുമ്പോള്‍ നിലവിലുള്ള ഡാറ്റാബേസിന്റെ സുരക്ഷയെ ബാധിക്കുന്നില്ല എന്നും എ.പി.ഐ. വഴി വിവരങ്ങള്‍ ചോരുന്നില്ല എന്നും ഉറപ്പാക്കും. ഇതിനു വേണ്ടത് ഒരു സമഗ്രമായ സെക്യൂരിറ്റി ഓഡിറ്റിംഗ് സംവിധാനമാണ്. അത്തരത്തിലുള്ള ഒരു സൈബര്‍ സെക്യൂരിറ്റി ഓഡിറ്റിംഗ് കൂടി പൂര്‍ത്തിയായാല്‍ മാത്രമേ ഈ സോഫറ്റ്‌വെയര്‍ വിന്യസിക്കാനോ സര്‍ക്കാര്‍ ഡാറ്റാ സെന്ററില്‍ ലഭ്യമാക്കാനോ അനുമതി നല്‍കുകയുള്ളൂവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പാസ്‌പോര്‍ട്ട് വെരിഫിക്കേഷന്റെ ഭാഗമായി പാസ്‌പോര്‍ട്ട് അപേക്ഷകന്റെ പേര്, തിരിച്ചറിയല്‍ കാര്‍ഡ് നമ്പര്‍, പോലീസ് സ്റ്റേഷന്‍ എന്നിവ രേഖപ്പെടുത്തുമ്പോള്‍ പ്രസ്തുത വ്യക്തി ഏതെങ്കിലും കേസില്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്ന് മനസ്സിലാക്കാനുള്ള സൗകര്യം മാത്രമാണ് ഊരാളുങ്കല്‍ ലേബര്‍ കോണ്ട്രാക്റ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിക്ക് നല്‍കാന്‍ ഉദ്ദേശിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ആയിരം പാസ്‌പോര്‍ട്ട് അപേക്ഷകളുടെ വെരിഫിക്കേഷനു വേണ്ടി മാത്രമാണ് പ്രവേശനാനുമതി നല്‍കിയിരിക്കുന്നത്. ഇത് കേരള പോലീസിന് അനുയോജ്യമാണോ എന്ന് പരിശോധിക്കുവാനുള്ള വ്യവസ്ഥയുടെ ഭാഗമായി മാത്രമാണ് ഈ പ്രവേശനാനുമതി നല്‍കാന്‍ കേരള പോലീസ് ഉദ്ദേശിക്കുന്നത്. ഈ ആപ്ലിക്കേഷനിലേക്ക് പ്രവേശിക്കാനും ഉപയോഗിക്കാനുമുള്ള അധികാരം പോലീസ് ഉദ്യോഗസ്ഥര്‍ക്ക് മാത്രമേ ലഭ്യമാക്കിയിട്ടുള്ളൂ എന്നും അദ്ദേഹം വ്യക്തമാക്കി.

ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റിക്ക് ഈ പ്രോജക്ടുമായി ബന്ധപ്പെട്ട് ഇതുവരെ പ്രതിഫലമൊന്നും നല്‍കിയിട്ടില്ല. ഈ ആപ്ലിക്കേഷന്‍ പൂര്‍ണ്ണമായി വികസിപ്പിച്ച ശേഷം ഈ സ്ഥാപനം അത് കേരളാ പോലീസിന് കൈമാറുന്നതും തുടര്‍ന്നുള്ള പ്രവര്‍ത്തനം കേരള പോലീസിന്റെ സിസ്റ്റം അഡ്മിനിസ്‌ട്രേറ്റര്‍ നേരിട്ട് കൈകാര്യം ചെയ്യുന്നതുമായിരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഡാറ്റാ വിവരങ്ങള്‍ ഏതെങ്കിലും തരത്തില്‍ പുറത്തുപോകുമെന്ന ആശങ്ക വേണ്ട. അത് ഭദ്രമായിരിക്കാന്‍ എല്ലാ നടപടികളുമെടുക്കും. അനാവശ്യ ഭീതി പരത്തുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഊരാളുങ്കലിനെ നേരത്തെ അധികാരത്തിലിരുന്ന സര്‍ക്കാരുകള്‍ പ്രോത്സാഹിപ്പിച്ചിട്ടുണ്ട്. മാറിമാറി വരുന്ന സര്‍ക്കാരുകളും വകുപ്പുകളും ഊരാളുങ്കലിനോട് മമത കാണിക്കുന്നത് അവരുടെ കാര്യക്ഷമത കാരണമാണ്. നല്ലൊരു സ്ഥാപനത്തെ അനാവശ്യമായി അപകീര്‍ത്തിപ്പെടുത്തരുതെന്നും മുഖ്യമന്ത്രി പറഞ്ഞു.

Top