ഗവര്‍ണര്‍ക്ക് സുരക്ഷ കൂട്ടാന്‍ പൊലീസ് തീരുമാനം

തിരുവനന്തപുരം: ഗവര്‍ണര്‍ക്ക് സുരക്ഷ കൂട്ടാന്‍ പൊലീസ് തീരുമാനം. ഡല്‍ഹിയില്‍ നിന്നും 16ന് കേരളത്തിലേക്ക് തിരിച്ചെത്തുന്ന ഗവര്‍ണര്‍ക്ക് കനത്ത സുരക്ഷ ഏര്‍പ്പെടുത്തും. ക്രമസമാധാന ചുമതലയുള്ള എഡിജിപിയുടെ നിര്‍ദേശപ്രകാരമാണ് നടപടി.എസ്.എഫ്.ഐ പ്രതിഷേധം കണക്കിലെടുത്താണ് തീരുമാനം.

ഇത് സംബന്ധിച്ച് എഡിജിപി ജില്ലാ പൊലീസ് മേധാവിമാര്‍ക്ക് നിര്‍ദേശം നല്‍കി. 16-ാം തിയ്യതി ഡല്‍ഹിയില്‍ നിന്നും നേരിട്ട് കോഴിക്കോട് എത്തുന്ന ഗവര്‍ണര്‍ സര്‍വകലാശാല ഗസ്റ്റ്ഹൗസിലാണ് താമസിക്കുക. കേരളത്തിലെ സര്‍വ്വകലാശാലകളുടെ ചാന്‍സലര്‍ കൂടിയായ ഗവര്‍ണറെ ക്യാംപസുകളില്‍ പ്രവേശിക്കാന്‍ അനുവദിക്കില്ലെന്ന് കഴിഞ്ഞ ദിവസം എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി പിഎം ആര്‍ഷോ ആഹ്വാനം ചെയ്തിരുന്നു. ഇതിനെ വെല്ലുവിളിച്ചാണ് സര്‍വ്വകലാശയിലേക്ക് ഗവര്‍ണര്‍ എത്തുന്നത്.

നിലവില്‍ ഗവര്‍ണര്‍ക്കെതിരെ കരിങ്കൊടി കാട്ടിയ സംഭവത്തില്‍ 19 പേര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ വാഹനം തടഞ്ഞ് പ്രതിഷേധിച്ച കേസില്‍ പ്രതികളായ ഏഴ് എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ക്ക് ജാമ്യം നിഷേധിച്ചിരുന്നു. തിരുവനന്തപുരം മജിസ്‌ട്രേറ്റ് കോടതിയാണ് ഏഴു പ്രതികളുടെയും ജാമ്യാപേക്ഷ തള്ളിയത്. പ്രതികള്‍ക്കെതിരായി ചുമത്തിയിരിക്കുന്ന കുറ്റങ്ങള്‍ നിലനില്‍ക്കുമെന്നും കോടതി വ്യക്തമാക്കി. കേസിലെ ആറാം പ്രതി അമല്‍ ഗഫൂറിന് കോടതി ഇടക്കാല ജാമ്യം അനുവദിച്ചു. പിറ്റേന്ന് പരീക്ഷ നടക്കുന്ന സാഹചര്യത്തിലാണ് ഇടക്കാല ജാമ്യം അനുവദിച്ചത്. കണ്‍ന്റോണ്‍മെന്റ് പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് നടപടി.

Top