അട്ടപ്പാടി: അട്ടപ്പാടിയില്‍ അര ഏക്കറിലേറെ വരുന്ന കഞ്ചാവ് തോട്ടം കണ്ടെത്തി. എക്‌സൈസും വനംവകുപ്പും ചേര്‍ന്നു നടത്തിയ പരിശോധനയിലാണ് വിളഞ്ഞ് പാകമായി നില്‍ക്കുന്ന കഞ്ചാവ് തോട്ടം കണ്ടെടുത്തത്. 408 മൂപ്പെത്തിയ ചെടികള്‍ കണ്ടെത്തിയ പൊലീസ് അവ നശിപ്പിച്ചു.
ഒരിടവേളയ്ക്ക് ശേഷം അട്ടപ്പാടിയില്‍ കഞ്ചാവു തോട്ടങ്ങള്‍ വീണ്ടും സജീവമായിരിക്കുകയാണ്. നാല് മാസങ്ങള്‍ക്ക് മുമ്പാണ് ഏക്കറുകണക്കിന് കഞ്ചാവ് തോട്ടങ്ങള്‍ പൊലീസും വനം വകുപ്പും ചേര്‍ന്ന് കണ്ടെത്തി നശിപ്പിച്ചത്. ഇതിലെ പ്രതികളെ മുഴുവന്‍ അറസ്റ്റ് ചെയ്യാനായിട്ടില്ല. എക്‌സൈസ് ഉദ്യോഗസ്ഥരെ പരിശോധനയില്‍ പങ്കെടുപ്പിക്കുന്നില്ലെന്ന ആരോപണം നിലനില്‍ക്കെയാണ് പുതിയ കഞ്ചാവ് വേട്ട.
നീലചടയന്‍ ഇനത്തില്‍പ്പെട്ട കഞ്ചാവ് ചെടികളാണ് നശിപ്പിച്ചത്. മേലെ ഗലസി ഊരിന് എട്ട് കിലോമീറ്റര്‍ അകലെ ഒരു വനത്തിലാണ് പുതിയ കഞ്ചാവ് തോട്ടം കണ്ടെത്തിയത്.രാവിലെ തുടങ്ങിയ പരിശോധന രാത്രിയാണ് അവസാനിച്ചത്. തോട്ടം നടത്തിപ്പുകാരെ കുറിച്ച് കൃത്യമായ സൂചന കിട്ടിയതായി എക്‌സൈസ് സംഘം അറിയിച്ചു. അയല്‍സംസ്ഥാനങ്ങളിലേക്ക് കയറ്റി അയക്കാനായിരുന്നു കൃഷി.