ജോര്‍ജിയ: റോഡിലൂടെ അമിതവേഗത്തില്‍ വാഹനം ഓടിച്ചയാളെ അറസ്റ്റു ചെയ്യണോ, ടിക്കറ്റ് നല്‍കി വിട്ടയയ്ക്കണോ എന്ന കാര്യത്തില്‍ തീരുമാനമെടുക്കാന്‍ ഫോണിലെ കോയിന്‍ ടോസ് ആപ്ലിക്കേഷന്‍ ഉപയോഗിച്ച രണ്ടു വനിത പൊലീസ് ഓഫീസര്‍മാരെ ജോലിയില്‍ നിന്നും പിരിച്ചു വിട്ടു.
സംഭവത്തെ തുടര്‍ന്ന് റോസ്‌വെല്‍ സിറ്റി കമ്മ്യൂണിറ്റി റിലേഷന്‍ ഓഫീസര്‍ ജൂലി ബ്രിച്ച്ബില്‍ ഓഫീസര്‍മാരായ കോര്‍ട്ട്‌നി ബ്രൗണ്‍, ക്രിസ്റ്റി വില്‍സന്‍ എന്നിവരെയാണ് പിരിച്ചുവിട്ടത്. പൊതുജനങ്ങള്‍ക്ക് പൊലീസ് ഓഫീസര്‍മാരില്‍ വിശ്വാസം നഷ്ടപ്പെടുത്തിയെന്ന് ആരോപിച്ചാണ് ഇരുവരേയും ജോലിയില്‍ നിന്നു പിരിച്ചുവിട്ടത്.
ഹെയര്‍ സലൂണ്‍ ജീവനക്കാരിയായിരുന്ന സാറ അല്പം വൈകിയതു മൂലം അമിതവേഗത്തിലാണ് വാഹനം ഓടിച്ചത്. വനിത ഓഫീസര്‍മാര്‍ വാഹനം തടഞ്ഞു നിര്‍ത്തി ഡ്രൈവറുടെ പേരില്‍ നടപടി എടുക്കാന്‍ തീരുമാനിച്ചു. എന്നാല്‍ അപകടകരമായ രീതിയില്‍ വാഹനം ഓടിച്ചതിന് അറസ്റ്റു ചെയ്യണമെന്ന് ഒരാള്‍ പറഞ്ഞപ്പോള്‍, മറ്റൊരാള്‍ ടിക്കറ്റ് നല്‍കി വിട്ടയയ്ക്കണമെന്നാണ് അഭിപ്രായപ്പെട്ടത്. ഇരുവരും കാറിലിരുന്ന് എന്ത് ചെയ്യണമെന്ന് ചര്‍ച്ച ചെയ്തതിനു ശേഷം കോയിന്‍ ടോസ് ചെയ്ത് തീരുമാനിക്കാന്‍ തീരുമാനിച്ചു. ടോസ് ചെയ്തപ്പോള്‍ ‘എ’യാണ് വന്നത്. ഉടനെ ഇവരെ അറസ്റ്റുചെയ്യുകയും ചെയ്തു.
ഇവര്‍ തമ്മിലുള്ള ചര്‍ച്ച ക്യാമറയില്‍ പതിഞ്ഞതിനെ തുടര്‍ന്നാണ് നടപടിയുണ്ടായത്. തുടര്‍ന്ന് സാറയുടെ പേരിലുള്ള ചാര്‍ജ് ഒഴിവാക്കാന്‍ പ്രോസിക്യൂട്ടര്‍ ഉത്തരവിടുകയും ചെയ്തു.