കൊച്ചി: നഗരത്തിലെ പൊട്ടിപൊളിഞ്ഞ റോഡുകള്‍ നന്നാക്കുന്നതിന് പൊലീസ് സഹകരണം ലഭിക്കുന്നില്ലെന്ന് കോര്‍പ്പറേഷന്‍ വ്യകത്മാക്കി. റോഡില്‍ അറ്റക്കുറ്റപണികള്‍ നടത്തുമ്പോള്‍ ഗതാഗതം നിയന്ത്രിക്കേണ്ടി വരും എന്നാല്‍ ഇതിന് പൊലീസിന്റെ ഭാഗത്ത് നിന്ന് നടപടി ഉണ്ടാകുന്നില്ലെന്ന് കോര്‍പ്പറേഷന്‍ കുറ്റപ്പെടുത്തി. കൊച്ചിയിലെ പൊട്ടിപൊളിഞ്ഞ റോഡുകള്‍ യുദ്ധകാലടിസ്ഥാനത്തില്‍ ശരിയാക്കണമെന്നായിരുന്നു ഹൈക്കോടതി ഉത്തരവ്.
കൊച്ചിയിലെ പ്രധാനപ്പെട്ട റോഡുകളെല്ലാം പൊട്ടിപൊളിഞ്ഞിട്ട് മാസങ്ങളായി. റോഡിലെ കുഴികളിലും മറ്റും വീണ് ആളുകള്‍ക്ക് അപകടം പറ്റുന്നതും സര്‍വ്വ സാധാരണമാണ്. എന്നിട്ടും കോര്‍പ്പറേഷന്റെ ഭാഗത്ത് നിന്നും നടപടി ഉണ്ടാകാത്തതിനെ തുടര്‍ന്നാണ് ഹൈക്കോടതി രംഗത്ത് വന്നത്. മൂന്ന് ദിവസത്തിനകം റോഡ് ഗതാഗത യോഗ്യമാക്കിയില്ലെങ്കില്‍ ഉദ്യോഗസ്ഥരെ വിളിച്ചുവരുത്തുമെന്നായിരുന്നു കോര്‍പ്പറേഷനും ജിസിഡിഎയ്ക്കും ഹൈക്കോടതി മുന്നറിയിപ്പ് നല്‍കിയിരുന്നത്. നഗരത്തില്‍ പ്രധാനമായും കലൂര്‍ കടവന്ത്ര, തേവര ഫെറി, രവിപുരം, സുഭാഷ് ചന്ദ്രബോസ് എന്നീ റോഡുകളാണ് തകര്‍ന്ന് തരിപ്പണമായികിടക്കുന്നത്.