പൊലീസ് നായയെ വാങ്ങിയതില്‍ ക്രമക്കേട്; ഡോഗ് ട്രയിനിങ് സെന്റര്‍ നോഡല്‍ ഓഫീസര്‍ക്ക് സസ്‌പെന്‍ഷന്‍

തിരുവനന്തപുരം: കേരള പൊലീസില്‍ നായയെ വാങ്ങിയതില്‍ ക്രമക്കേടെന്ന് കണ്ടെത്തി. സംസ്ഥാന ഡോഗ് ട്രെയിനിങ് സെന്റര്‍ നോഡല്‍ ഓഫീസറെ സസ്പെന്റ് ചെയ്തു. അസിസ്റ്റന്റ് കമാഡന്റ് എസ്.എസ് സുരേഷിനെയാണ് സസ്പെന്റ് ചെയ്തത്.

നായകളെ വാങ്ങുന്നതിലും തീറ്റ വാങ്ങുന്നതിലും ക്രമക്കേട് നടത്തിയെന്നാണ് വിജിലന്‍സ് കണ്ടെത്തല്‍. തൃശൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കേരള പൊലീസ് അക്കാദമിയിലെ സ്റ്റേറ്റ് ഡോഗ് ട്രെയിനിങ് സ്‌കൂളിലേക്ക് ഡോഗ് ട്രെയിനിങ്ങിന് വേണ്ടി നായക്കുഞ്ഞുങ്ങളെ വാങ്ങിയതിലും തീറ്റ വാങ്ങിയതിലും മരുന്ന് വാങ്ങിയതിലും ക്രമക്കേട് നടന്നുവെന്ന കണ്ടെത്തലാണ് വിജിലന്‍സ് ആന്റ് ആന്റി കറപ്ഷന്‍ ബ്ര്യൂറോ നടത്തിയത്.

125 നായകളെ ട്രെയിന്‍ ചെയ്യാനുള്ള സൗകര്യം കേരള പൊലീസ് അക്കാദമിയില്‍ ഉണ്ടെന്നിരിക്കെ താരതമ്യേന സൗകര്യം കുറഞ്ഞ കുട്ടിക്കാനം പോലുള്ള ക്യാമ്പുകളില്‍ നായകളെ ട്രെയിന്‍ ചെയ്യിക്കാറുണ്ടെന്നും വിജിലന്‍സ് കണ്ടെത്തി. എസ്.എസ് സുരേഷിന്റെ പ്രത്യേക താല്‍പര്യ പ്രകാരമാണ് നായകളെ ചികിത്സിക്കുന്നതിനായി ജില്ലാ ലാബ് ഓഫിസറായ സുനിത കരുണാകരനെ നിയോഗിച്ചതെന്നും കണ്ടെത്തി.

തിരുവനന്തപുരത്തെ വേണാട് എന്റര്‍പ്രൈസിസ് എന്ന സ്ഥാപനത്തില്‍ നിന്നും ഇവയ്ക്ക് ഭക്ഷണം വാങ്ങാന്‍ നിര്‍ദേശിച്ചത്. കൂടാതെ പഞ്ചാബില്‍ നിന്നും വന്‍ വില കൊടുത്താണ് നായക്കുഞ്ഞുങ്ങളെ വാങ്ങിയതെന്നും കണ്ടെത്തി.

Top