ന്യൂഡല്‍ഹി: വായുമലിനീകരണ തോത് വര്‍ധിച്ചതോടെ മണം പിടിച്ച് കുറ്റവാളികളെ കണ്ടെത്താനാവാതെ ഡല്‍ഹിയിലെ പൊലീസ് നായ്ക്കള്‍ കുഴങ്ങുന്നു.
മണം പിടിച്ച് കുറ്റവാളികളെ ഓടിപ്പിടിച്ചിരുന്ന പൊലീസ് നായ്ക്കള്‍ മണം പിടിക്കാനാവാതെ വട്ടം കറങ്ങുന്നത് തലസ്ഥാന നഗരിയിലെ കുറ്റവാളികള്‍ക്കാണ് ആശ്വാസമാകുന്നത്. നിരവധി കുറ്റകൃത്യങ്ങളില്‍ പ്രതികളെ പിടികൂടാന്‍ സഹായിച്ചത് പൊലീസ് നായ്ക്കളുടെ മിടുക്കായിരുന്നു.
ഡല്‍ഹി പൊലീസിന് 15 ട്രാക്കര്‍ നായ്ക്കളും 45 സ്‌നിഫര്‍ നായക്കളുമാണുള്ളത്. വര്‍ഷം 40 ലക്ഷമാണ് ഇവരുടെ പരിപാലനത്തിനായി ചെലവിടുന്നത്. രാജ്യതലസ്ഥാനത്ത് ബോംബ് അടക്കമുള്ള സ്‌ഫോടന വസ്തുക്കള്‍ മണത്ത് കണ്ടെത്തുന്നതിനും മിടുക്കരായിരുന്നു ഈ നായ്ക്കള്‍.
വായുമലിനീകരണം കാരണം നഗരഭാഗങ്ങളില്‍ മണം പിടിക്കാന്‍ ബുദ്ധിമുട്ടുന്ന പൊലീസ് നായ്ക്കള്‍ പക്ഷേ മലിനീകരണം കുറവുള്ള ഗ്രാമീണ മേഖലകളില്‍ തങ്ങളുടെ കഴിവ് തെളിയിക്കുന്നു.
നൂറു കേസുകള്‍ പരാജയപ്പെട്ടാലും ഒരു കേസില്‍ പ്രതികളെപിടികൂടാന്‍ സഹായിച്ചാല്‍ പൊലീസ് നായ്ക്കള്‍ക്കായി ചെലവിടുന്ന പണം പ്രയോജനപ്രദമാകുമെന്ന് ഡല്‍ഹി പൊലീസ് ഡോഗ്‌സ്‌ക്വാഡ് മേധാവി ഡി.സി.പി രാജന്‍ ഭഗത് പറഞ്ഞു.
ഇന്ത്യന്‍ സേനയാണ് ഡല്‍ഹി പൊലീസ് നായ്ക്കളെ പരിശീലിപ്പിക്കുന്നത്. ഓരോ നായ്ക്കളെയും പരിപാലിക്കാന്‍ ഓരോ കോണ്‍സ്റ്റബിള്‍മാരെയാണ് ഡല്‍ഹി പൊലീസ് നിയോഗിച്ചിട്ടുള്ളത്.