കൊച്ചി: നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് പ്രശസ്ത നടി കാവ്യാ മാധവന്റെ വെണ്ണലയിലെ വില്ലയില്‍ ശനിയാഴ്ച പോലീസ് പരിശോധനയ്‌ക്കെത്തി.
രണ്ടു തവണ പോലീസ് ഇവിടെ എത്തിയെങ്കിലും വില്ലയില്‍ ആളില്ലാത്തതിനാല്‍ പോലീസ് മടങ്ങുകയായിരുന്നു. വൈകിട്ട് മൂന്നരയ്ക്കും അഞ്ചു മണിക്കുമാണ് വനിതാ പൊലീസ് ഉള്‍പ്പെടെയുള്ള സംഘം പരിശോധനയ്‌ക്കെത്തിയത്.
കാക്കനാട് മാവേലിപുരത്തുള്ള കാവ്യയുടെ ഓണ്‍ലൈന്‍ വസ്ത്രവ്യാപാര സ്ഥാപനത്തില്‍ വെള്ളിയാഴ്ച പോലീസ് റെയ്ഡ് നടത്തിയിരുന്നു. പണമിടപാടുകളും കംപ്യൂട്ടറിലെ വിവരങ്ങളും സി.സി.ടി.വി. ദൃശ്യങ്ങളുമാണ് പ്രധാനമായും പരിശോധിച്ചത്. പള്‍സര്‍ സുനിയുടെ കത്തിലും, സഹ തടവുകാരുടെ മൊഴിയിലും കാക്കനാട്ടെ കടയെ പറ്റി സൂചനയുണ്ട്. എന്നാല്‍ കടയുടെ പേരില്ലെങ്കിലും ഇത് കാവ്യയുടെ കടയാണോ എന്ന് പരിശോധിക്കാനാണ് പോലീസിന്റെ ശ്രമം.
ആക്രമിച്ചതിന്റെ പിറ്റേന്ന് സുനി കാക്കനാട്ടെ കടയിലെത്തിയെന്നാണ് ഇവരുടെ മൊഴിയില്‍ വ്യക്തമാകുന്നത്. ഇക്കാര്യത്തെപ്പറ്റി ദിലീപില്‍ നിന്ന് പോലീസ് വിശദമായി ചോദിച്ചറിഞ്ഞതായാണ് സൂചനകള്‍. കാക്കനാട്ടെ കടയെക്കുറിച്ച് സുനിയുടെ കത്തില്‍ പരാമര്‍ശിക്കുന്നത് പോലീസ് ഗൗരവത്തോടെയാണ് കാണുന്നത്.