കൊച്ചി: കുടുംബത്തിനൊപ്പം യാത്രചെയ്ത യുവാവിനെ പട്ടാപ്പകല്‍ വെട്ടിവീഴ്ത്തിയ കേസിലെ പ്രതികളെ പിടികൂടാതെ കൊച്ചി സിറ്റി പൊലീസ്.
സംഭവസ്ഥലത്തെ സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് ആക്രമണത്തിന്റെ ദൃശ്യങ്ങള്‍ അടക്കം വ്യക്തമായ തെളിവുകള്‍ ലഭിച്ചിട്ടും നടപടിയെടുക്കാന്‍ പൊലീസ് തയ്യാറാവുന്നില്ല . ശരീരമാസകലം പരുക്കേറ്റ യുവാവ് സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലാണ്.
വല്ലാര്‍പാടം സ്വദേശി നിഖില്‍ ജോസ് എന്ന യുവാവിന് നേരെയാണ് കഴിഞ്ഞ ദിവസം ഗുണ്ടാ ആക്രമണം നടന്നത്. ഭാര്യയും ആറുമാസം മാത്രം പ്രായമുള്ള കുഞ്ഞുമൊത്ത് ജീപ്പില്‍ വരുമ്പോള്‍ പിന്നാലെയെത്തിയ ബൈക്കിന് കടന്നുപോകാന്‍ വഴി കൊടുത്തില്ല എന്നതാണ് അക്രമികള്‍ ആരോപിച്ച കുറ്റം.
കൊച്ചി എടവനക്കാട്ടെ പെട്രോള്‍ പമ്പിലേക്ക് ഇന്ധനം നിറയ്ക്കാന്‍ വാഹനം കയറ്റിയതിന് പിന്നാലെ ബൈക്കിലെത്തിയ സംഘം ആക്രമണം തുടങ്ങി.
ജീപ്പിന് പിന്നിലിരുന്ന യുവാവിന് നേരെയായിരുന്നു ആദ്യം ആക്രമണം. രക്ഷിക്കാന്‍ നിഖില്‍ ഇടപെട്ടതോടെ ആക്രമണം നിഖിലിന് നേരെയായി. പ്രതിരോധിക്കാന്‍ ശ്രമിക്കുമ്പോഴേക്ക് അക്രമികള്‍ കത്തി എടുത്ത് പ്രയോഗിക്കുകയായിരുന്നു. ആദ്യ വെട്ട് മുതുകിലേറ്റു. പിന്നാലെ കയ്യിലും ഒടുവില്‍ മുഖത്തും കൂടി വെട്ടിപ്പരുക്കേല്‍പിച്ചാണ് അക്രമിസംഘം പിന്‍വാങ്ങിയത്.
പിഞ്ചുകുഞ്ഞിനെയും എടുത്തോടി ഭാര്യ സഹായത്തിനായി അഭ്യര്‍ത്ഥിച്ചെങ്കിലും ഭയന്ന നാട്ടുകാരെല്ലാം കാഴ്ചക്കാരായി നില്‍ക്കുകയാണ് ചെയ്തത്.
വധശ്രമം അടക്കം വകുപ്പുകള്‍ ചുമത്തി ഞാറയ്ക്കല്‍ പൊലീസ് കേസെടുത്തു. എന്നാല്‍ ഇതുവരെ പൊലീസിന്റെ ഭാഗത്ത് നിന്നും ഒരു നടപടിയും ഉണ്ടായിട്ടില്ല. നിഖിലിന്റെ ഭാര്യയെക്കൂടാതെ പെട്രോള്‍ പമ്പ് ജീവനക്കാരും ദൃസാക്ഷികളായി മൊഴി നല്‍കി. പ്രതികളെത്തിയ ബൈക്ക് നമ്പര്‍ സഹിതം ഈ ദൃശ്യങ്ങളില്‍ നിന്ന് തിരിച്ചറിഞ്ഞു.
കൊച്ചി നഗരത്തില്‍ വ്യാപകമായ ഗുണ്ടാ ആക്രമണങ്ങളെ ചെറുക്കാനും ക്രിമിനലുകളെ പിടികൂടാനുമായി പ്രത്യേക സേനയായ സിറ്റി ടാസ്‌ക് ഫോഴ്‌സിനെ രൂപീകരിച്ചത് രണ്ടുമാസം മുന്‍പാണ്. ഇതിന് ഒരു വെല്ലുവിളിയായാണ് കഴിഞ്ഞ ദിവസം കൊച്ചിയില്‍ അരങ്ങേറിയ ഗുണ്ടാവിളയാട്ടം.