police falls in jisha murder case

കൊച്ചി: പെരുമ്പാവൂരില്‍ അതിക്രൂരമായി കൊലചെയ്യപ്പെട്ട നിയമവിദ്യാര്‍ത്ഥിനി ജിഷയുടെ കൊലപാതകം കൈകാര്യം ചെയ്യുന്നതില്‍ പൊലീസിനു വീഴ്ച പറ്റിയെന്ന് സര്‍ക്കാരിന്റെ വിലയിരുത്തല്‍.

നടന്നത് ഇത്ര വലിയ സംഭവമായിരുന്നിട്ടും കളക്ടറെയും ആര്‍ഡിഒയെയും വിവരം അറിയിച്ചിരുന്നില്ല. ദളിതര്‍ക്കെതിരായ ആക്രമണങ്ങള്‍ രേഖാമൂലം അറിയിക്കണമെന്നാണ് ചട്ടം. എന്നാല്‍, ഇക്കാര്യങ്ങളൊന്നും പൊലീസ് പാലിച്ചിട്ടില്ല. ഇവയെല്ലാം സര്‍ക്കാര്‍ ഇപ്പോള്‍ പരിശോധിച്ചു വരുകയാണ്.

കുടല്‍മാല പുറത്തുചാടിയിട്ടും കൊലപാതകമാണെന്നു ഉറപ്പിക്കാനാവില്ലെന്നായിരുന്നു ആദ്യം പൊലീസിന്റെ നിലപാട്. പിന്നീട് വലിയ രീതിയില്‍ വാര്‍ത്തയായപ്പോഴാണ് പൊലീസ് പരക്കംപാച്ചില്‍ തുടങ്ങിയത്.

അതേസമയം,ജിഷയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് ഏഴുപേരെയാണ് ഇതുവരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുള്ളത്. ജിഷയുടെ ബന്ധു, ഇയാളുടെ സുഹൃത്ത്, അയല്‍വാസിയായ യുവാവ്, ഇതര സംസ്ഥാന തൊഴിലാളി എന്നിവരെ ചോദ്യം ചെയ്യാനായി കസ്റ്റഡിയിലെടുത്തു. കൊലപാതകത്തിനു ശേഷം നാട്ടില്‍ നിന്നു മാറിയ അയല്‍വാസി യുവാവിന്റെ സെല്‍ഫോണ്‍ ടവര്‍ ലൊക്കേഷന്‍ പിന്‍തുടര്‍ന്ന പൊലീസ് കണ്ണൂരിലാണ് ഇയാളെ പിടികൂടിയത്. എന്നാല്‍, കൊലയാളി ഇയാളാണെന്നു സ്ഥിരീകരിച്ചിട്ടില്ല.

കുറുപ്പംപടി കനാല്‍ പുറമ്പോക്കു ഭൂമിയിലെ അടച്ചുറപ്പില്ലാത്തെ ചെറിയ വീട്ടില്‍ ഏപ്രില്‍ 28 നാണ് ജിഷയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്.

Top