തൃശൂരില്‍ യുവാവ് മര്‍ദ്ദനമേറ്റ് മരിച്ച സംഭവം; ആറ് പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു

beat

തൃശൂര്‍: തൃശൂരില്‍ മര്‍ദ്ദനമേറ്റ് യുവാവ് മരിച്ച സംഭവത്തില്‍ ആറ് പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു. തൃശൂര്‍ എടക്കുളത്ത് വിവാഹ വീട്ടില്‍ നിന്ന് മടങ്ങുന്നതിനിടെ മര്‍ദ്ദനമേറ്റ് ചികിത്സയിലായിരുന്ന ബിബിന്‍ ചന്ദ്രബാബു ആണ് മരിച്ചത്. സംഭവത്തില്‍ എടക്കുളം സ്വദേശികളായ 6 പേര്‍ക്കെതിരെയാണ് കാട്ടൂര്‍ പൊലീസ് കേസെടുത്തിരിക്കുന്നത്.

ആക്രമണത്തില്‍ ഗുരുതര പരിക്കേറ്റ 32 കാരനായ ബിബിന്‍ തൃശ്ശൂര്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. തലക്കേറ്റ പരുക്കാണ് മരണകാരണമായത്. സംഭവം നടന്നയുടന്‍ രക്ഷപ്പെട്ട ആറ് പ്രതികളും ഒളിവിലാണ്. വ്യാഴാഴ്ച വൈകീട്ട് മൂന്നു മണിക്ക് ബാറിനു മുന്നില്‍ ബിബിനും മറ്റൊരു സംഘവും തമ്മില്‍ വാക്കേറ്റവും കയ്യാങ്കളിയുണ്ടായിരുന്നു. ഇതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് പരിശോധിച്ചു വരികയാണ്. ഇരുചക്രവാഹനത്തിലെത്തിയ ബിബിനെ യാതൊരു പ്രകോപനവും കൂടാതെ കുറച്ചു ആളുകള്‍ വളഞ്ഞിട്ട് മര്‍ദ്ദിക്കുന്നതിന്റെ ദൃശ്യങ്ങളാണുളളത്. ഇതിന്റെ തുടര്‍ച്ചയായാണോ വെള്ളിയാഴ്ച രാത്രി ബിബിനെ ആക്രമിച്ചതെന്നാണ് പൊലീസ് അന്വേഷിക്കുന്നത്. ബിബിനോട് പ്രതികള്‍ക്ക് ഏറെ നാളായി വൈരാഗ്യമുണ്ടായിരുന്നുവെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്.

Top