ഷെറിന്‍ മാത്യൂസിനെ കാണാതായ സംഭവത്തില്‍ പൊലീസിന് നിര്‍ണായക തെളിവുകള്‍ ലഭിച്ചതായി സൂചന

ഡാലസ് : അമേരിക്കയിലെ ഡാലസില്‍ മൂന്നുവയസുകാരി ഷെറിന്‍ മാത്യൂസിനെ കാണാതായ സംഭവത്തില്‍ പൊലീസിന് നിര്‍ണായക തെളിവുകള്‍ ലഭിച്ചതായി സൂചന.

ഷെറിന്റെ വീടിന് ഒന്നര കിലോമീറ്റര്‍ അകലെ പുല്‍മേട്ടില്‍ നടന്ന തിരച്ചിലില്‍ ലഭിച്ച വസ്തുക്കള്‍ സംഭവവുമായി ബന്ധമുള്ളതാകാമെന്നാണ് പൊലീസ് പറയുന്നത്.

ഇതിനിടെ ഷെറിന്റെ പൗരത്വമടക്കമുള്ള കാര്യങ്ങള്‍ അന്വേഷിക്കാന്‍ യു.എസിലെ ഇന്ത്യന്‍ കോണ്‍സുലേറ്റിന് വിദേശകാര്യമന്ത്രി മന്ത്രി സുഷമ സ്വരാജിന്റെ നിര്‍ദേശം നല്‍കി.

ഷെറിന്റെ വീട്ടില്‍ നിന്ന് ഒരു മൈല്‍ അകലെയുള്ള റിച്ച്‌ലാന്‍ഡ് കോളജിനു സമീപത്തുള്ള പ്രദേശത്ത്, ഹെലികോപ്റ്ററുകളുടെയും ഡ്രോണുകളുടെയും സഹായത്തോടെയായിരുന്നു തിരച്ചില്‍. തിരച്ചിലിടയ്ക്ക് പൊലീസ് കാവല്‍ ഏര്‍പ്പെടുത്തിയിരുന്ന മരക്കൂട്ടങ്ങള്‍ക്കിടയിലെത്തിയ അന്വേഷണസംഘം ഇവയ്ക്കിടയില്‍ നിന്ന് ചില വസ്തുക്കള്‍ ശേഖരിച്ചു.

കഴിഞ്ഞ ശനിയാഴ്ച പുലര്‍ച്ചെ മൂന്നു മണിക്കാണ് ഷെറിന്‍ മാത്യുവിെന അച്ഛന്‍ വെസ്‌ലി മാത്യു വീടിനു സമീപത്തെ മരച്ചുവട്ടില്‍ ഒറ്റയ്ക്ക് നിര്‍ത്തി ശിക്ഷിച്ചത്.

15 മിനിറ്റ് കഴിഞ്ഞു വന്നു നോക്കിയപ്പോള്‍ കുട്ടിയെ കണ്ടില്ല. തിരിച്ചുവരുമെന്ന് കരുതി അന്വേഷിക്കുകയോ പൊലീസില്‍ അറിയിക്കുയോ ചെയ്തില്ല. രാവിലെ എട്ടു മണിയോടെ ഉണര്‍ന്ന അമ്മ സിനി മകളെ അന്വേഷിച്ചപ്പോഴാണ് ശിക്ഷയുടെയും തിരോധാനത്തിന്റെ കഥ വെസ്‌ലി പറഞ്ഞത്. ഉടന്‍ പൊലീസിലറിയിക്കുകയും തിരിച്ചില്‍ നടത്തുകയും ചെയ്തു. എന്നാല്‍ കുട്ടിയെ കണ്ടെത്താനായില്ല. വെസ്‌ലിയെയും സിനിയെയും പൊലീസ് പല തവണ ചോദ്യം ചെയ്‌തെങ്കിലും ഒരേ കാര്യങ്ങള്‍ തന്നെ ആവര്‍ത്തിച്ചു. വെസ്‌ലിയെ അറസ്റ്റുചെയ്ത പൊലീസ് രണ്ടു കോടി രൂപയുടെ ജാമ്യത്തില്‍ വിട്ടയച്ചിരുന്നു.

കേരളത്തിലെ ഒരു അനാഥാലയത്തില്‍നിന്ന് രണ്ടുവര്‍ഷം മുന്‍പാണ് ഷെറിനെ ദമ്പതികള്‍ ദത്തെടുത്തത്. പോഷകാഹാരക്കുറവിന് ചികില്‍സയിലുള്ള ഷെറിന് നിശ്ചിത ഇടവേളകളില്‍ പാല്‍ നല്‍കണമെന്ന് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിരുന്നതായും മാതാപിതാക്കള്‍ പൊലീസിനെ അറിയിച്ചു. ഹൂസ്റ്റണിലെ മലയാളികള്‍ ഉള്‍പ്പെടെ കുട്ടിക്കായി തിരച്ചിലിലാണ്.

Top