താഴത്തങ്ങാടി കൊലപാതകം; പ്രതി മോഷ്ടിച്ച 28 പവന്‍ സ്വര്‍ണം കണ്ടെത്തി

കൊച്ചി: കോട്ടയം താഴത്തങ്ങാടിയില്‍ വീട്ടമ്മയെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതി മോഷ്ടിച്ച 28 പവന്‍ സ്വര്‍ണം കണ്ടെത്തി. കൊച്ചി ഇടപ്പള്ളിയിലെ പ്രതിയുടെ വീട്ടില്‍ നിന്നാണ് സ്വര്‍ണം കണ്ടെത്തിയത്. കോസില്‍ ഇന്ന് പുലര്‍ച്ചെയാണ് പ്രതിയായ കുമരകം ചെങ്ങളം സ്വദേശി മുഹമ്മദ് ബിലാലിനെ പൊലീസ് അറസ്റ്റു ചെയ്തത്.

എറണാകുളത്ത് നിന്നാണ് ഇയാളെ പിടികൂടിയത്. പൊലീസിന്റെ ചോദ്യംചെയ്യലില്‍ പ്രതി കുറ്റംസമ്മതിച്ചു. മോഷ്ടിച്ച കാറുമായി പെട്രോള്‍ പമ്പിലെത്തിയ ദൃശ്യങ്ങളാണ് കേസന്വേഷണത്തില്‍ നിര്‍ണായകമായത്.

നേരത്തെ ഇയാള്‍ക്ക് സാലി-ഷീബ ദമ്പതിമാര്‍ സാമ്പത്തിക സഹായം നല്‍കിയിരുന്നു. തിങ്കളാഴ്ച പുലര്‍ച്ചെ സാലിയുടെ വീട്ടിലെത്തിയ പ്രതി ഇരുവരും ഉറങ്ങുകയായിരുന്നതിനാല്‍ മടങ്ങിപ്പോയി രാവിലെ വീണ്ടും വന്നു. പരിചയമുള്ള ആളായതിനാല്‍ പ്രതിയെ അകത്ത് കയറ്റി സ്വീകരണമുറിയില്‍ ഇരുത്തുകയും ചെയ്തു. ഷീബ പ്രതിക്ക് കുടിക്കാന്‍ വെള്ളവും നല്‍കി. തുടര്‍ന്ന് ഷീബ അടുക്കളയിലേക്ക് പോയ സമയത്ത് ബിലാല്‍ സാലിയെ ടീപ്പോയ് കൊണ്ട് തലയ്ക്കടിക്കുകയായിരുന്നു. ബഹളം കേട്ടെത്തിയ ഷീബയെയും ഇയാള്‍ തലയ്ക്കടിച്ചു.

കിടപ്പുമുറിയിലെ അലമാരയില്‍നിന്ന് സ്വര്‍ണവും പണവും കൈക്കലാക്കുകയും ഷീബ ധരിച്ചിരുന്ന സ്വര്‍ണാഭരണങ്ങളും മോഷ്ടിച്ചു. പിന്നീട് മരണം ഉറപ്പാക്കാനായി ഇരുമ്പ് കമ്പി കൊണ്ട് കെട്ടിയിട്ട് ഷോക്കടിപ്പിക്കാനും ശ്രമിച്ചു. തെളിവ് നശിപ്പിക്കാനായാണ് ഗ്യാസ് സിലിണ്ടര്‍ തുറന്നിട്ടത്.

കൃത്യം നടത്തിയ ശേഷം പ്രതി സാലിയുടെ വീട്ടിലെ കാറുമായി കടന്നുകളഞ്ഞതാണ് അന്വേഷണത്തില്‍ നിര്‍ണായകമായത്. കാര്‍ സഞ്ചരിച്ച വഴിയിലെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് നേരത്തെ ലഭിച്ചിരുന്നു. ഇതില്‍ ഒരാള്‍ മാത്രമാണ് സഞ്ചരിച്ചതെന്നും പൊലീസിന് മനസിലായി. ഇതിനിടെ ഇന്ധനം നിറയ്ക്കാനായി കാര്‍ പെട്രോള്‍ പമ്പില്‍ കയറിയ സിസിടിവി ദൃശ്യങ്ങളും ലഭിച്ചു. ഇതോടെ പൊലീസ് സംഘം പ്രതിയെ തിരിച്ചറിയുകയായിരുന്നു.

Top