പി സി ജോര്‍ജിന്റെ പ്രചാരണത്തിന് തടയിട്ട് പോലീസ്, നാളെ സ്റ്റേഷനില്‍ ഹാജരാകാന്‍ നി‌ര്‍ദേശം

പി സി ജോര്‍ജിന്‍റെ തൃക്കാക്കരയിലെ പ്രചാരണത്തിന് തടയിട്ട് പോലീസ്.നാളെ ഫോര്‍ട്ട് പോലീസ് സ്റ്റേഷനില്‍ ഹാജരാകാന്‍ അറിയിച്ചു. അന്വേഷണത്തിന് ആവശ്യമായ വിവരം ശേഖരിക്കാന്‍ നാളെ 11 മണിക്കാണ് ഹാജരാകേണ്ടത്. പി സി ജോര്‍ജ് നാളെ തൃക്കാക്കരയില്‍ പ്രചാരണം നടത്താനിരിക്കെയാണ് പോലീസിന്റെ ഈ നീക്കം. പരസ്യപ്രചാരണം അവസാന ഘട്ടത്തില്‍ എത്തി നില്‍ക്കുമ്പോള്‍ പി സി ജോര്‍ജ് ബിജെപിയുടെ പ്രചാരണത്തിനായി നാളെ തൃക്കാക്കരയിലെത്തുമെന്നായിരുന്നു നേരത്തെ അറിയിച്ചിത്.

33 വര്‍ഷമായി നിയമസഭാംഗമായിരുന്ന പി സി ജോര്‍ജ് നിയമത്തിന്‍റെ പിടിയില്‍ നിന്ന് ഒളിച്ചോടില്ലെന്ന് വ്യക്തമാക്കിയാണ് ഹൈക്കോടതി കര്‍ശന ഉപാധികളോടെ ജാമ്യം അനുവദിച്ചിരുന്നത്. പ്രായവും അസുഖവും കോടതി പരിഗണിച്ചിരുന്നു . മതവിദ്വേഷം പ്രോത്സാഹിപ്പിക്കുന്ന പ്രസംഗങ്ങള്‍ ആവര്‍ത്തിക്കരുതെന്നും,വീണ്ടും ആവർത്തിച്ചാൽ ജാമ്യം റദ്ദാക്കുമെന്നും ജസ്റ്റിസ് പി വി ഗോപിനാഥ് വ്യക്തമാക്കി. സമൂഹത്തില്‍ വലിയ പ്രത്യാഘാതം ഉണ്ടാക്കുന്നതാണ് പി സി ജോര്‍ജിന്‍റെ പ്രസംഗമെന്നും ജാമ്യം അനുവദിച്ചാല്‍ ഇനിയും ഇത്തരം പ്രസംഗം ആവര്‍ത്തിക്കുമോ എന്ന് ആശങ്കയുണ്ടെന്നും പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു. പ്രസംഗം ഗൂഢാലോചനയുടെ ഭാഗമാണോ എന്ന് പരിശോധിക്കേണ്ടതുണ്ടെന്നും ഡിജിപി അറിയിച്ചു.

അതേസമയം കുറ്റകൃത്യം ഇനിയും ആവര്‍ത്തിക്കില്ലെന്നും ഏത് ഉപാധിയും അംഗീകരിക്കാമെന്നും പി സി ജോര്‍ജിന്‍റെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. തുടര്‍ന്നാണ് കിഴക്കേക്കോട്ട, വെണ്ണല കേസുകളില്‍ കോടതി ജാമ്യം നല്‍കിയത്.

Top