കൊച്ചി : ശബരിമലയില്‍ ദര്‍ശനം നടത്താനെത്തി പരാജയപ്പെട്ട ആലപ്പുഴ അര്‍ത്തുങ്കല്‍ സ്വദേശിനി ലിബിക്കെതിരേ കേസ്. ഫേസ്ബുക്കിലൂടെ മതസ്പര്‍ധ വളര്‍ത്താന്‍ ശ്രമിച്ചുവെന്ന പരാതിയില്‍ എറണാകുളം സെന്‍ട്രല്‍ പൊലീസാണു കേസ് രജിസ്റ്റര്‍ ചെയ്തത്.
സുമേഷ് കൃഷ്ണയുടെ പരാതിയില്‍ അന്വേഷിച്ചു നടപടിയെടുക്കാന്‍ എറണാകുളം ചീഫ് ജുഡീഷല്‍ മജിസ്‌ട്രേട്ട് കോടതി ഉത്തരവിട്ടതിനെത്തുടര്‍ന്നാണു കേസെടുത്തത്.
ലിബിയുടെ ഫേസ്ബുക്ക് ഉള്‍പ്പെടെയുള്ളവ പരിശോധിച്ചു വരികയാണെന്നും തുടര്‍നടപടികള്‍ പിന്നീടു തീരുമാനിക്കുമെന്നും പൊലീസ് അറിയിച്ചു.
നിരീശ്വരവാദിയായ താന്‍ പ്രതിഷേധക്കാരോടുള്ള വെല്ലുവിളി ഏറ്റെടുത്താണു മലകയറുന്നതെന്നു മുപ്പത്തിയെട്ടുകാരിയായ ലിബി ഫേസ്ബുക്കില്‍ കുറിച്ചിരുന്നു.
ഫേസ്ബുക്കിലൂടെ മതസ്പര്‍ധ വളര്‍ത്തിയെന്ന കേസില്‍ കൊച്ചി സ്വദേശി രഹ്ന ഫാത്തിമയെയും നേരത്തെ പോലീസ് അറസ്റ്റു ചെയ്തിരുന്നു. ഇവര്‍ പിന്നീടു ജാമ്യത്തില്‍ പുറത്തിറങ്ങി.