അട്ടപ്പാടിയില്‍ യുവാവിനെ മര്‍ദിച്ച് കൊലപ്പെടുത്തിയ കേസില്‍ പൊലീസ് തെളിവെടുപ്പ് നടത്തി

madhu

അട്ടപ്പാടി : അട്ടപ്പാടിയില്‍ ആദിവാസി യുവാവിനെ മര്‍ദിച്ച് കൊലപ്പെടുത്തിയ കേസില്‍ പൊലീസ് തെളിവെടുപ്പ് നടത്തി. അഗളി ഡിവൈഎസ്പി സുബ്രഹ്മണ്യത്തിന്റെ നേതൃത്വത്തിലാണ് 11 പ്രതികളുമായി തെളിവെടുപ്പ് പൂര്‍ത്തിയാക്കിയത്.

മുക്കാലി കവലയിലും മധു താമസിച്ചിരുന്ന കാട്ടിനകത്തെ ഗുഹയിലും പ്രതികളെ കൊണ്ടുപോയി. നാല് ദിവസത്തെ കസ്റ്റഡിക്ക് ശേഷം പ്രതികളെ ബുധനാഴ്ച കോടതിയില്‍ ഹാജരാക്കും. ആറ് പേരുടെ ജാമ്യാപേക്ഷ മണ്ണാര്‍ക്കാട് കോടതി നാളെ പരിഗണിക്കും.

അതേസമയം സംഭവം നടന്ന അന്ന് മാത്രമല്ല, മരണത്തിന് രണ്ട് ദിവസം മുന്‍പും മധുവിന് മര്‍ദ്ദമനമേറ്റിട്ടുണ്ടെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു.

മരണ സമയത്ത് മധുവിന്റെ ശരീരത്തില്‍ അന്‍പതിലധികം മുറിവുകള്‍ ഉണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. മരിച്ച ദിവസം മര്‍ദനമേറ്റുണ്ടായത് മുപ്പതോളം മുറിവുകളാണ്. രണ്ട് ദിവസത്തെ പഴക്കമുള്ള ഇരുപതോളം മുറിവുകളും മധുവിന്റെ ശരീരത്തില്‍ കണ്ടെത്തിയിട്ടുണ്ട്. തലയ്‌ക്കേറ്റ അടിയാണ് മധുവിന്റെ മരണകാരണമായത് എന്ന വിവരം നേരത്തെ തന്നെ പുറത്ത് വന്നിരുന്നു. ഫെബ്രുവരി 24നാണ് മധുവിന്റെ പോസ്റ്റുമോര്‍ട്ടം നടന്നത്.

Top