കൊല്‍ക്കത്ത: സന്ദേശ്ഖാലിയിലെ സ്ത്രീകളില്‍ നിന്ന് ബലാത്സംഗമോ ലൈംഗികാതിക്രമമോ സംബന്ധിച്ച പരാതികളൊന്നും ലഭിച്ചിട്ടില്ലെന്ന് പശ്ചിമ ബംഗാള്‍ പൊലീസ്. വിവിധ സംഘങ്ങള്‍ നടത്തിയ അന്വേഷണത്തിന് ശേഷമായിരുന്നു പൊലീസിന്റെ പ്രതികരണം. സന്ദേശ്ഖാലിയിലെ സംഭവങ്ങളെക്കുറിച്ച് പ്രചരിക്കുന്നത് തെറ്റായ വിവരങ്ങളാണെന്നും പൊലീസ് പറഞ്ഞു.
വിഷയം ഉയര്‍ന്നുവന്നതുമുതല്‍ ബിജെപി വലിയ രീതിയിലുള്ള പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. വിവാഹിതരായ ഹിന്ദു യുവതികളെ തൃണമൂല്‍ കോണ്‍ഗ്രസ് ഗുണ്ടകള്‍ ലക്ഷ്യമിടുകയാണെന്ന് മുഖ്യമന്ത്രി മമത ബാനര്‍ജിയെ വിമര്‍ശിച്ച് കേന്ദ്രമന്ത്രി സ്മൃതി ഇറാനിയും രംഗത്തെത്തി. എന്നാല്‍ തുടക്കം മുതലേ മമത ബാനര്‍ജി സംഭവം ശരിയല്ലെന്ന വാദത്തിലാണ് ഉറച്ചുനിന്നത്.തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് ഷാജഹാന്‍ ഷെയ്ഖും സംഘവും ബലം പ്രയോഗിച്ച് ഭൂമി കൈക്കലാക്കുകയും സ്ത്രീകളെ ലൈംഗികമായി പീഡിപ്പിക്കുകയും ചെയ്തുവെന്നായിരുന്നു ആരോപണം. റേഷന്‍ കുംഭകോണവുമായി ബന്ധപ്പെട്ട് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് തിരയുന്ന ഷാജഹാന്‍ ഒളിവിലാണ്.
ഭരണകക്ഷിയായ തൃണമൂല്‍ കോണ്‍ഗ്രസ് നേതാക്കള്‍ ലൈംഗികമായി ചൂഷണം ചെയ്തു വെന്ന ഗുരുതരമായ ആരോപണങ്ങളുമായി സന്ദേശ്ഖാലിയിലെ സ്ത്രീകള്‍ രംഗത്തെത്തിയിരുന്നു. ഇതിനെ തുടര്‍ന്നാണ് പ്രത്യേക സംഘം അന്വേഷണം നടത്തിയത്. അന്വേഷണത്തിനായി ഡിഐജി റാങ്കിലുള്ള വനിതാ ഉദ്യോഗസ്ഥയുടെ നേതൃത്വത്തില്‍ 10 അംഗ സംഘത്തെയാണ് പശ്ചിമ ബംഗാള്‍ സര്‍ക്കാര്‍ രൂപീകരിച്ചിരുന്നത്.