കോഴിക്കോട്: കൊയിലാണ്ടിയില്‍ തട്ടിക്കൊണ്ട് പോകലിന് ഇരയായ ഹനീഫയ്‌ക്കെതിരെ കേസെടുത്ത് പൊലീസ്. വിമാനത്താവളത്തില്‍ സ്വര്‍ണം പിടികൂടിയെന്ന് വ്യാജ രേഖ തയാറാക്കിയതിനാണ് കേസെടുത്തത്. കാരിയറില്‍ നിന്ന് സ്വര്‍ണം തട്ടിയെടുക്കാനാണ് ഹനീഫ വ്യാജ രേഖ നിര്‍മിച്ചതെന്ന് പൊലീസ് പറഞ്ഞു.
ശനിയാഴ്ച രാത്രി 11.30 ഓടെയാണ് വഴിയരികില്‍ നിന്ന 33 കാരനായ കൊയിലാണ്ടി സ്വദേശി ഹനീഫയെ അഞ്ചംഗ സംഘം കാറില്‍ വന്ന് തട്ടിക്കൊണ്ടുപോയത്. മൂന്ന് മാസം മുന്‍പാണ് ഹനീഫ ഗള്‍ഫില്‍ നിന്ന് നാട്ടിലെത്തിയത്. തട്ടിക്കൊണ്ടുപോകലിന് പിന്നില്‍ സ്വര്‍ണക്കടത്ത് ഇടപാടാണെന്ന് പൊലീസ് സംശയമുന്നയിച്ചിരുന്നു. ഹനീഫയുടെ സഹോദരന്റെ പരാതിയിലാണ് പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചത്.
സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന് റൂറല്‍ എസ്പി പറഞ്ഞിരുന്നു. ഞായറാഴ്ചയാണ് ഹനീഫ തിരിച്ചെത്തിയിത്. ഇയാളെ സംഘം മര്‍ദ്ദിച്ച് അവശനാക്കിയിരുന്നു. യുവാവിനെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.
ഒരുമാസം മുന്‍പ് സമാനമായ രീതിയില്‍ പ്രവാസിയായ അഷറഫിനെ കൊയിലാണ്ടിയില്‍ നിന്ന് തട്ടിക്കൊണ്ടുപോയിരുന്നു. വീട്ടിലെത്തിയ അഞ്ചംഗ സംഘം തോക്ക് ചൂണ്ടിയാണ് തട്ടിക്കൊണ്ടുപോയത്. പിന്നീട് പരുക്കുകളോടെ തടിമില്ലിലാണ് അഷ്റഫിനെ കണ്ടെത്തിയത്.