സര്‍ക്കാര്‍ ഏജന്‍സികള്‍ പിന്തുടരുന്നത് മികച്ച സാങ്കേതിക വിദ്യകള്‍; മുഖ്യമന്ത്രി

തിരുവനന്തപുരം: പൊലീസിനെ പോലെയുള്ള സര്‍ക്കാര്‍ ഏജന്‍സി മികച്ച സാങ്കേതിക വിദ്യയാണ് പിന്‍തുടരുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. സാങ്കേതിക വിദ്യയ്ക്കായി കേരള പൊലീസ് സ്വയം പര്യാപ്തമാകുന്ന സാഹചര്യമാണ് ഇന്ന് നിലവിലുള്ളത്. ലോകത്തിലെ പ്രശസ്തമായ അന്വേഷണ ഏജന്‍സിയായ ഇന്റര്‍പോള്‍ പോലും സൈബര്‍ ഡോമുമായി സഹകരിച്ചു വരുന്നുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ടെക്‌നോപാര്‍ക്കില്‍ പ്രവര്‍ത്തിച്ചു വരുന്ന കേരള പൊലീസ് സൈബര്‍ ഡോമിന് സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ച സ്ഥലത്ത് നിര്‍മ്മിക്കുന്ന ആസ്ഥാന മന്ദിരത്തിന്റെ ശിലാ സ്ഥാപനം വെര്‍ച്വല്‍ മീറ്റിങ്ങില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

കേരള പൊലീസിന്റെ ഏത് പ്രവര്‍ത്തന മണ്ഡലത്തിലും സാങ്കേതിക വിദ്യയുടെ ഉയര്‍ന്ന രൂപം തന്നെയാണ് ഉപയോഗിക്കുന്നത്. ലോകത്ത് അനുദിനം പെരുകുന്ന സൈബര്‍ കുറ്റകൃത്യങ്ങള്‍ തടയുകയും, സുരക്ഷിതത്വം ഉറപ്പാക്കുകയും ആണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. 1000പരം ഐടി പ്രൊഫഷണലിസ്റ്റുകളും, പ്രമുഖ ഐടി കമ്പിനികളുമായി സഹകരിച്ചാണ് കേരള പൊലീസ് സൈബര്‍ ഡോം പ്രവര്‍ത്തിക്കുന്നത്. സമൂഹത്തില്‍ ഉപകാര പ്രദമായ രീതിയിലാണ് സൈബര്‍ ഡോമിന്റെ പ്രവര്‍ത്തനമെന്നും മുഖ്യമന്ത്രി പറഞ്ഞു.

സൈബര്‍ കുറ്റകൃത്യങ്ങള്‍ ലോകാമാകമാനം വ്യാപിക്കുന്ന കാലഘട്ടത്തില്‍ സൈബര്‍ കുറ്റകൃത്യങ്ങള്‍ തടയുവാനും അന്വേഷണം നടത്തുകയും ചെയ്യുന്ന സൈബര്‍ ഡോം രാജ്യമാകെ ശ്രദ്ധിക്കുന്ന മഹത്തായ സംരംഭമായി മാറിയതായി ചടങ്ങില്‍ അധ്യക്ഷത വഹിച്ച മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. സൈബര്‍ ഡോമിന് ആസ്ഥാന മന്ദിരം നിര്‍മ്മിക്കാന്‍ സ്ഥലം അനുവദിച്ച സംസ്ഥാന സര്‍ക്കാരിന് ഡിജിപി ലോക്‌നാഥ് ബഹ്‌റ നന്ദി അറിയിച്ചു. സൈബര്‍ ഡോമിന്റെ ആസ്ഥാനം യാഥാര്‍ത്ഥ്യമാകുന്നതോടെ സൈബര്‍ രംഗത്തുള്ള കുറ്റകൃത്യങ്ങള്‍ തടയുന്നതിന് വേണ്ടിയുള്ള സംസ്ഥാന പൊലീസിന്റെ അന്വേഷണഘട്ടം കൂടുതല്‍ വിപുലമാകുമെന്നും അദ്ദേഹം വ്യക്തമാക്കി.

Top