ശ്രീനഗര്‍: ജമ്മു-കശ്മീരില്‍ ഇസ്ലാമിക് സ്‌റ്റേറ്റിന്റെ സാന്നിധ്യമുള്ളതായി പൊലീസ് മേധാവി എസ്.പി. വൈദ്. പൊലീസ് ആദ്യമായാണ് ഐ.എസ് ഭീകരരുടെ സാന്നിധ്യം കശ്മീരില്‍ സ്ഥിരീകരിക്കുന്നത്. സംഘടനയുടെ സാന്നിധ്യം ഉണ്ടെങ്കിലും അതിന് സംസ്ഥാനത്ത് ഏകീകൃത രൂപമില്ലെന്നാണ് പൊലീസ് പറയുന്നത്. എന്നാല്‍ ഇസ്ലാമിക് സ്റ്റേറ്റ് തലവന്‍ അബൂബക്കര്‍ ബാഗ്ദാദിയുടെ പ്രസംഗങ്ങളില്‍ ആകൃഷ്ടരായ ഒരുകൂട്ടം ചെറിയ ഗ്രൂപ്പുകള്‍ തനിച്ച് ആക്രമണം നടത്താന്‍ സാധ്യതയുണ്ടെന്നാണ് ജമ്മുകശ്മീര്‍ പൊലീസ് മേധാവി വ്യക്തമാക്കുന്നത്.
കഴിഞ്ഞ ആഴ്ചയില്‍ സംസ്ഥാനത്ത് ഒരു പൊലീസുകാരന്‍ കൊല്ലപ്പെടാന്‍ ഇടയായ ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്തം ഇസ്ലാമിക് സ്റ്റേറ്റ് ഏറ്റെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് സംസ്ഥാനത്ത് ഐ.എസ് ഭീകരരുടെ സാന്നിധ്യമുണ്ടെന്ന് പൊലീസ് മേധാവി തന്നെ സ്ഥിരീകരിക്കുന്നത്. കശ്മീരില്‍ ആക്രമണങ്ങള്‍ വ്യാപകമാകുകയാണെങ്കില്‍ അത് വലിയ തലവേദനയാകുമെന്നും, നിരപരാധികളായ പൊലീസുകാരാണ് ഇതിന് വിലനല്‍കേണ്ടി വരികയെന്നും അങ്ങനെ സംഭവിക്കാതിരിക്കട്ടെയെന്നും വൈദ് പറഞ്ഞു.