ന്യൂഡല്‍ഹി: ബിജെപി സര്‍ക്കാര്‍ വിദ്യാര്‍ത്ഥികളെ സംഘര്‍ഷാവസ്ഥയിലേക്ക് തള്ളി വിടുന്നെന്ന ഗുരുതര ആരോപണവുമായി മുന്‍ ജെ.എന്‍.യു യൂണിയന്‍ അധ്യക്ഷനും സി.പി.ഐ നേതാവുമായ കനയ്യ കുമാര്‍. രാജ്യമെമ്പാടുമുള്ള വിദ്യാര്‍ത്ഥികളെ യുദ്ധത്തിലേക്ക് നയിക്കുകയാണ് മോദി സര്‍ക്കാര്‍ ചെയ്യുന്നതെന്നാണ് അദ്ദേഹം പറഞ്ഞത്.
‘എന്തൊരു നാണം കെട്ട സര്‍ക്കാറാണിത്. ആദ്യം ഫീസ് വര്‍ദ്ധിപ്പിച്ചു. പ്രതിഷേധിച്ച വിദ്യാര്‍ത്ഥികളെ ഗുണ്ടകളെ വിട്ട് അക്രമിച്ചു. അധികാരത്തില്‍ വന്നനാള്‍ തൊട്ട് രാജ്യത്തിന്റെ മുക്കിലും മൂലയിലുമുള്ള വിദ്യാര്‍ത്ഥികള്‍ക്കു നേരെ തുടങ്ങിയ കലഹമാണ്’. അദ്ദേഹം പറഞ്ഞു.
‘ഞാന്‍ വീണ്ടും പറയുന്നു. നിങ്ങള്‍ എത്ര അടിച്ചമര്‍ത്തിയാലും ഇവിടുത്തെ വിദ്യാര്‍ത്ഥികള്‍ വീണ്ടും ഉയര്‍ന്നെഴുന്നേല്‍ക്കും. ഭരണഘടനയ്ക്കും പാവപ്പെട്ടവര്‍ക്കും എതിരെയുള്ള നിങ്ങളുടെ ഗൂഢാലോചനയെ അവര്‍ ഒരുമിച്ച് നിന്ന് ചുരുട്ടിയെറിയും.’ ട്വിറ്ററിലൂടെ ആയിരുന്നു കനയ്യയുടെ പ്രതികരണം.
അതേസമയം ജെഎന്‍യുവിലെ മുഖംമൂടി ആക്രമണവുമായി ബന്ധപ്പെട്ട് നാലുപേരെ കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. ഇന്നലെ ജെഎന്‍യുവില്‍ നടന്ന വ്യാപക അക്രമങ്ങളില്‍ വിദ്യാര്‍ത്ഥികളും അധ്യാപകരും അടക്കം നിരവധി പേര്‍ക്കാണ് പരിക്കേറ്റിരുന്നത്. എബിവിപി പ്രവര്‍ത്തകരാണ് ആക്രമിച്ചതെന്നാണ് വിദ്യാര്‍ത്ഥി യൂണിയന്റെ പ്രതികരണം.
വിദ്യാര്‍ത്ഥി യൂണിയന്‍ പ്രസിഡന്റും എസ്എഫ്‌ഐ നേതാവുമായ ആയിഷി ഘോഷിനും സര്‍വകലാശാലയിലെ സെന്റ ഓഫ് സ്റ്റഡി ഓഫ് റീജണല്‍ ഡെവലപ്‌മെന്റിലെ അധ്യാപിക പ്രൊഫ സുചിത്ര സെന്നിനും ഗുരുതരമായി പരിക്കേറ്റു. തലയ്ക്ക് ആഴത്തില്‍ പരിക്കേറ്റ ആയിഷിയെ ഡല്‍ഹിയിലെ എയിംസ് ആശുപത്രിയിലേക്ക് മാറ്റി.