തിരുവനന്തപുരം: കരമനയില്‍ യുവാവിനെ തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തിയ കേസില്‍ പൊലീസ് ഇടപെട്ടത് വൈകിയെന്ന് ആരോപിച്ച് മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു.
ഒരു മാസത്തിനുള്ളില്‍ തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണര്‍ അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും കമ്മീഷന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
കരമന തളിയില്‍ വെച്ച് ബൈക്കില്‍ സഞ്ചരിച്ചിരുന്ന അനന്ദു ഗിരീഷ് എന്ന യുവാവിനെ ബൈക്കുകളില്‍ എത്തിയ യുവാക്കളാണ് തട്ടികൊണ്ടു പോയത്. കൊഞ്ചിറവിള ക്ഷേത്ര ഉത്സവത്തിനിടെ ഇരുവിഭാഗങ്ങള്‍ തമ്മിലുണ്ടായ സംഘര്‍ഷമാണ് കൊലപാതകത്തിന് കാരണം. അനന്ദുവിനെ കരമന ദേശീയപാതയ്ക്ക് സമീപമുള്ള കുറ്റിക്കാട്ടില്‍ കൊണ്ടു വന്ന് മൃഗീയമായി മര്‍ദ്ദിച്ചാണ് കൊലപ്പെടുത്തിയത്.
യുവാവിനെ തട്ടികൊണ്ടു പോകുന്ന ദൃശ്യങ്ങള്‍ പുറത്തെത്തിയിരുന്നു. അനന്തുവിനെ ബൈക്കിലിരുത്തി പ്രതികള്‍ കൊണ്ടു പോകുന്ന ദൃശ്യങ്ങളാണ് പുറത്തായത്.
സംഭവത്തില്‍ രണ്ടു പേര്‍ പിടിയിലായിട്ടുണ്ട്. ബാലു, റോഷന്‍ എന്നിവരാണ് പിടിയിലായത്. ഏഴു പേര്‍ ചേര്‍ന്ന് മര്‍ദ്ദിച്ചുവെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍. മദ്യത്തിനും മയക്കു മരുന്നിനും അടിമകളായ യുവാക്കളാണ് കൊലപാതകം ചെയ്തതെന്നാണ് അന്വേഷണത്തില്‍ കണ്ടെത്തിയിരിക്കുന്നത്. ഇന്നലെ വൈകുന്നേരം മുതല്‍ തട്ടികൊണ്ടുപോയ യുവാവിന് വേണ്ടി പല സ്ഥലങ്ങളില്‍ പൊലീസും ബന്ധുക്കളും തെരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്തിയിരുന്നില്ല.