ബംഗളുരു:പൗരത്വ നിയമഭേദഗതിക്കെതിരെ മംഗളൂരുവില്‍ നടന്ന പ്രക്ഷോഭത്തിനിടെ രണ്ട് പേര്‍ മരിച്ച സംഭവത്തില്‍ കര്‍ണാടക പൊലീസിനെ രൂക്ഷമായി വിമര്‍ശിച്ച് ഹൈക്കോടതി.അന്വേഷണം പക്ഷപാതപരമാണെന്ന് പറഞ്ഞ ഹൈക്കോടതി പൊലീസിന്റെ വീഴ്ച മറയ്ക്കാനാണ് പ്രക്ഷോഭത്തില്‍ പങ്കെടുത്തവര്‍ക്കെതിരെ നടപടിയെടുത്തതെന്ന് വിമര്‍ശിച്ചു. പ്രക്ഷോഭത്തില്‍ അറസ്റ്റ് ചെയ്തവരുടെ കേസ് പരിഗണിക്കുന്ന വേളയിലാണ് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം
സിഎഎ വിരുദ്ധപ്രക്ഷോഭത്തിനിടെ കലാപം അഴിച്ചുവിട്ടുവെന്നും, പൊതുമുതല്‍ നശിപ്പിച്ചുവെന്നും ആരോപിച്ച് മംഗളുരു പൊലീസ് അറസ്റ്റ് ചെയ്ത 21 പേര്‍ക്കും ഹൈക്കോടതി ജാമ്യം നല്‍കി.ദക്ഷിണ കന്നഡ ജില്ലകളില്‍ നിന്നുള്ള 21 പേര്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിച്ചുകൊണ്ട് ജസ്റ്റിസ് ജോണ്‍ മൈക്കിള്‍ കുന്‍ഹയാണ് ജാമ്യം അനുവദിച്ചത്.
അറസ്റ്റിലായവര്‍ക്കെതിരെ വ്യാജ തെളിവുകള്‍ കെട്ടിച്ചമയ്ക്കാന്‍ മനഃപൂര്‍വം ശ്രമമുണ്ടായി എന്നതിന് രേഖകളുണ്ട്. ഇതിലൂടെ ഈ നിരപരാധികളുടെ സ്വാതന്ത്ര്യമാണ് നിങ്ങള്‍ ഇല്ലാതാക്കിയത്.പരാതിക്കാര്‍ സമര്‍പ്പിച്ച ഫോട്ടോയില്‍ പ്രതിഷേധക്കാര്‍ക്ക് നേരെ പൊലീസുകാര്‍ കല്ലെറിയുന്നത് ദൃശ്യങ്ങളില്‍ വ്യക്തമാണെന്നും കോടതി പറഞ്ഞു.
2019 ഡിസംബര്‍ 19നായിരുന്നു മംഗളൂരുവില്‍ പൗരത്വ പ്രക്ഷോഭത്തിനിടെ വലിയരീതിയിലുള്ള പ്രശ്നങ്ങളുണ്ടായത്. പ്രതിഷേധക്കാരെ പൊലീസ് അടിച്ചമര്‍ത്തുകയും വെടിവെപ്പില്‍ രണ്ട് പേര്‍ കൊല്ലപ്പെടുകയും ചെയ്തു.
കലാപം അഴിച്ചുവിടല്‍, നിരോധനാജ്ഞ ലംഘിച്ച് സംഘം ചേരല്‍, പൊതുമുതല്‍ നശിപ്പിക്കല്‍ എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് മംഗളുരു പൊലീസ് 21 പേരെ അറസ്റ്റ് ചെയ്യുന്നത്. കഴിഞ്ഞ രണ്ട് മാസത്തോളമായി ഇവര്‍ ജയിലിലാണ്. ഉഡുപ്പി, ദക്ഷിണ കന്നഡ എന്നീ മേഖലകളില്‍ നിന്നുള്ളവരാണ് അറസ്റ്റിലായവരെല്ലാം.