തിരുവനന്തപുരം : ഭരണം മാറിയാലും ഇല്ലെങ്കിലും സംസ്ഥാനത്തെ ഭൂരിപക്ഷ പോലീസ് ഉദ്യോഗസ്ഥരും തല്‍സ്ഥാനത്ത് നിന്ന് തെറിക്കും.
ഇടതുമുന്നണിയാണ് അധികാരത്തില്‍ വരുന്നതെങ്കില്‍ അത് സ്വാഭാവിക നടപടി മാത്രമായിരിക്കുമെങ്കില്‍ ഭരണ തുടര്‍ച്ച ലഭിച്ചാല്‍ യു.ഡി.എഫ് നെ സംബന്ധിച്ച് സ്ഥലമാറ്റം അസ്വാഭാവികമാകും.
പോലീസ് ഭരണം ഉപയോഗിച്ച് സര്‍ക്കാരിനെയും ഗ്രൂപ്പിനെയും പ്രതിസന്ധിയിലാക്കിയ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലക്ക് യു.ഡി.എഫ് വീണ്ടും അധികാരത്തില്‍ വന്നാല്‍പോലും ആഭ്യന്തരമന്ത്രി പദം നല്‍കില്ലെന്ന പിടിവാശിയിലാണ് എ ഗ്രൂപ്പ്.
മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുള്‍പ്പെടെ എ ഗ്രൂപ്പിലെ നേതാക്കളെല്ലാം ഇക്കാര്യത്തില്‍ ഒറ്റക്കെട്ടാണ്. അധികാരം ലഭിച്ചാലും ഇതിനായി ‘വിലപേശാന്‍’ ചെന്നിത്തലയെ നിയമസഭയിലെത്തിക്കാതിരിക്കാനും അണിയറയില്‍ നീക്കമുണ്ട്. എന്നാല്‍ തിരഞ്ഞെടുപ്പില്‍ കാലുവാരിയാല്‍ അത് എ ഗ്രൂപ്പ് നേതാക്കള്‍ക്കും ബാധകമാകുമെന്നാണ് ഐ ഗ്രൂപ്പിന്റെ മുന്നറിയിപ്പ്.
താഴെതട്ടില്‍ എ ഗ്രൂപ്പിനെ പോലെ ശക്തമായ അടിത്തറ ഐ ഗ്രൂപ്പിന് ഇല്ലാത്തതും ആ ഗ്രൂപ്പില്‍ തന്നെ ഭിന്നത നിലനില്‍ക്കുന്നതുമാണ് എ ഗ്രൂപ്പിന്റെ ആത്മവിശ്വാസം.
ഹൈക്കമാന്റിന്റെ കര്‍ക്കശ നിര്‍ദ്ദേശമുണ്ടെങ്കിലും രഹസ്യമായി പല മണ്ഡലങ്ങളിലും പരസ്പരം കാലുവാരല്‍ നടക്കുമെന്ന് തന്നെയാണ് ഇരു വിഭാഗവും പ്രതീക്ഷിക്കുന്നത്.
മുഖ്യമന്ത്രി മോഹവുമായി മത്സരരംഗത്തിറങ്ങുന്ന രമേശ് ചെന്നിത്തലയെ സംബന്ധിച്ച് ഹരിപ്പാട്ടെ വിജയം നിലനില്‍പ്പിന് തന്നെ അനിവാര്യമാണ്.
മുഖ്യമന്ത്രി പദമല്ലെങ്കില്‍ ഇപ്പോള്‍ കൈകാര്യം ചെയ്യുന്ന ആഭ്യന്തരമന്ത്രി പദം തന്നെയാണ് ഭരണ തുടര്‍ച്ചയുണ്ടായാല്‍ അദ്ദേഹം പ്രതീക്ഷിക്കുന്നത്.
എന്നാല്‍ കെ.പി.സി.സി പ്രസിഡന്റ് പദവിയില്‍ നിന്ന് മാറുന്ന ഘട്ടത്തില്‍ ഹൈക്കമാന്റ് നിര്‍ദ്ദേശത്തിന് വഴങ്ങിയ ‘ചരിത്രപരമായ മണ്ടത്തരം’ ഇനി ഒരിക്കലും ആവര്‍ത്തിക്കില്ലെന്നാണ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെയും ഗ്രൂപ്പിന്റെയും നിലപാട്.
ഡി.ജി.പി, വിജിലന്‍സ് ഡയറക്ടര്‍ തസ്തിക ഒഴികെയുള്ള മറ്റ് തന്ത്രപ്രധാനമായ എല്ലാ തസ്തികകളിലും (ജില്ലാ പോലീസ് ചീഫുമാര്‍ ഉള്‍പ്പെടെ) സമൂലമായ മാറ്റം ഭരണ തുടര്‍ച്ചയുണ്ടായാല്‍ നടത്തുമെന്നാണ് മുഖ്യമന്ത്രിയുമായി ബന്ധപ്പെട്ട അടുത്ത കേന്ദ്രങ്ങള്‍ വ്യക്തമാക്കുന്നത്.
ഉമ്മന്‍ചാണ്ടിയുടെ ഗുഡ്‌ലിസ്റ്റില്‍ ഇടംപിടിച്ചവരാണ് എന്നതിനാലാണ് ഡി.ജി.പി സെന്‍കുമാറിന്റെയും വിജിലന്‍സ് ഡയറക്ടര്‍ ശങ്കര്‍ റെഡ്ഡിയുടെയും കാര്യത്തില്‍ പുനഃപരിശോധന ആലോചിക്കുക പോലും ചെയ്യാതിരിക്കുന്നത്.
സി.പി.എം ആകട്ടെ ഇടതുപക്ഷം അധികാരത്തില്‍ വന്നാല്‍ ആര് മുഖ്യമന്ത്രിയായാലും പോലീസ് വകുപ്പ് പാര്‍ട്ടി തന്നെയാണ് കൈകാര്യം ചെയ്യുക എന്നതിനാല്‍ അടിമുടി മാറ്റം വരുത്തുമെന്ന നിലപാടിലാണ്.
വിജിലന്‍സ് ഡയറക്ടറെ ആയിരിക്കും ആദ്യം തെറിപ്പിക്കുക എന്ന് സി.പി.എം ഇതിനകം തന്നെ വ്യക്തമാക്കി കഴിഞ്ഞിട്ടുണ്ട്.
ഡി.ജി.പി കേഡര്‍ തസ്തികയായ വിജിലന്‍സ് ഡയറക്ടര്‍ നിയമനത്തില്‍ എ.ഡി.ജി.പി യായ എന്‍. ശങ്കര്‍ റെഡ്ഡിയെ നിയമിച്ചതിനെതിരെ പ്രതിപക്ഷ നേതാവ് വി.എസും പിണറായി വിജയനുമടക്കമുള്ള നേതാക്കള്‍ പരസ്യമായി രംഗത്ത് വന്നിരുന്നു.
ഭരണ മാറ്റമുണ്ടായാലും ശങ്കര്‍ റെഡ്ഡിയെ സംരക്ഷിക്കുന്നതിനായി അദ്ദേഹമുള്‍പ്പെടെയുള്ള ബാച്ചിലെ എ.ഡി.ജി.പി മാര്‍ക്ക് ഡി.ജി.പി യായി ഉദ്യോഗക്കയറ്റം നല്‍കിയിട്ടുണ്ടെങ്കിലും അതിന് കേന്ദ്രാനുമതി ഇല്ലാത്തതിനാലും കേഡര്‍ തസ്തിക അല്ലാത്തതിനാലും തെറുപ്പിക്കാന്‍ തന്നെയാണ് സി.പി.എം. തീരുമാനം.
യു.ഡി.എഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം നിയമനം നല്‍കി മാസങ്ങള്‍ക്കകം തെറിപ്പിച്ച യുവ ഐ.പി.എസുകാരായ എസ്.പി മാര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് അര്‍ഹമായ പരിഗണന നല്‍കി തിരിച്ച് തന്ത്രപ്രധാനമായ തസ്തികയില്‍ നിയമിക്കും.
വിജിലന്‍സ് ഡയറക്ടറായി ലോക്‌നാഥ് ബഹ്‌റ, ജേക്കബ് തോമസ് എന്നിവരില്‍ ആരെയെങ്കിലും നിമയിക്കാനാണ് സാധ്യത. വി.എസ് മുഖ്യമന്ത്രിയാവുകയാണെങ്കില്‍ മുന്‍പ് മൂന്നാര്‍ ദൗത്യസംഘത്തില്‍ അംഗമായിരുന്ന ഋഷിരാജ് സിംഗിനെയും (ജയില്‍ മേധാവി) പരിഗണിക്കുവാന്‍ സാധ്യതയുണ്ട്.
സംസ്ഥാന പോലീസ് ചീഫ് സെന്‍കുമാറിന്റെ കാര്യത്തില്‍ പകരക്കാരനെ കണ്ടെത്തുക എന്നത് ‘റിസ്‌ക് ‘ ആയതിനാല്‍ അദ്ദേഹത്തെ ചിലപ്പോള്‍ തുടരാന്‍ അനുവദിച്ചേക്കും.